വടകര സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വ്യാഴാഴ്ച രാത്രി വൈകി പ്രഖ്യാപിച്ചു. സീറ്റ് വിതരണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പരക്കെ പ്രതിഷേധം.
കാസര്‍കോട് സീറ്റിലേക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കില്ല എന്ന് കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി. കാസര്‍കോട്ടേക്ക് തന്‍റെ പേര് നിശ്ചയിച്ചത് അത്ഭുതപ്പെടുത്തി എന്നായിരുന്നു ഷാനിമോളുടെ ആദ്യ പ്രതികരണം. ആലപ്പുഴ നോട്ടമിട്ടിരുന്ന ഷാനി മത്സര രംഗത്ത് നിന്ന് വിട്ടു നില്‍ക്കുമെന്നാണ് വ്യക്തമായ സൂചന.
കുടുംബപരമായ കാരണങ്ങളാല്‍ താന്‍ കാസര്‍കോട് സ്ഥാനാര്‍ത്ഥിയാവാന്‍ താല്പര്യപ്പെടുന്നില്ല എന്നാണ് ഷാനിമോള്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി തന്നെ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും ഷാനിമോള്‍ താന്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിനെയും പ്രതിഷേധമറിയിക്കാനാണ് ഷാനിമോളുടെ തീരുമാനം.
കൊല്ലം ലോക്സഭാ മണ്ഡലം ലക്‍ഷ്യമിട്ടിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന് സീറ്റ് ലഭിച്ചില്ല. പാലക്കാട്ടേക്ക് പരിഗണിച്ചു എങ്കിലും തെക്കോട്ട് ഉള്ള ഏതെങ്കിലും മണ്ഡലം എന്ന രാജ്മോഹന്‍റെ ആവശ്യം പരിഗണിച്ചില്ല.
എറണാകുളത്ത് മത്സരിക്കുമെന്ന് കരുതിയിരുന്ന എന്‍ എസ് യു (ഐ) പ്രസിഡന്‍റ് ഹൈബി ഈഡന്‍, കോഴിക്കോട്ടേക്ക് പരിഗണിച്ചിരുന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി. സിദ്ധിക്ക് എന്നിവര്‍ക്ക് സീറ്റ് ലഭിച്ചില്ല. പകരം, എറണകുളത്ത് കെവി തോമസിന് സീറ്റ് നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.
വയനാട്ടില്‍ പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതില്‍ റോസക്കുട്ടി ടീച്ചര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെയും സ്ത്രീകളെയും തീര്‍ത്തും അവഗണിച്ചു എന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍: തിരുവനന്തപുരം- ശശി തരൂര്‍, കൊല്ലം- എന്‍ പീതാംബരക്കുറുപ്പ്, ആറ്റിങ്ങല്‍- ജി ബാലചന്ദ്രന്‍, മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട- ആന്‍റോ ആന്‍റണി, ആലപ്പുഴ- കെ സി വേണുഗോപാല്‍, ഇടുക്കി- പി ടി തോമസ്, എറണാകുളം കെ വി തോമസ്, ചാലക്കുടി- കെ പി ധനപാലന്‍, തൃശൂര്‍- പി സി ചാക്കോ, പാലക്കാട്-സതീശന്‍ പാച്ചേനി, അലത്തൂര്‍- എന്‍ കെ സുധീര്‍, കോഴിക്കോട്-എം കെ രാഘവന്‍, വയനാട്- എം ഐ ഷാനവാസ്, കണ്ണൂര്‍- കെ സുധാകരന്‍, കാസര്‍കോട്-ഷാനിമോള്‍ ഉസ്മാന്‍.