‘ടോട്ടല്‍ ഫോര്‍ യൂ’ ഫെയിം കുട്ടിക്കുബേരന്‍ ശബരീനാഥിനെ ജാമ്യത്തിലെടുക്കാന്‍ വന്നയാളും തട്ടിപ്പുകാരനാണെന്ന് കോടതി കണ്ടെത്തി. ശബരീനാഥിനെ ജാമ്യത്തിലെടുക്കാന്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോടതി കണ്ടെത്തുകയും കോടതിയെ കബളിപ്പിക്കാനുള്ള ശ്രമം കൈയോടെ പിടികൂടുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ ഉടന്‍ ഇയാള്‍ കോടതിയില്‍ നിന്ന് ഓടിപ്പോയി.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സംഭവം. ശബരിനാഥ് വിദേശത്തേയ്ക്ക് കടന്നേയ്ക്കുമെന്നും ജാമ്യക്കാരായ തങ്ങളെ ആ സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് ശബരിയുടെ ജാമ്യക്കാര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി പരിഗണിക്കവെയാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.
ശാസ്തമംഗലം സ്വദേശിനി രാധിക, ഉറിയാക്കോട് സ്വദേശിനി ഓമനയമ്മ എന്നിവരാണ് കുട്ടിക്കുബേരന്‍റെ ജാമ്യക്കാരായി കോടതില്‍ എത്തിയിരുന്നത്. ശബരിനാഥിനെ നോട്ടീസയച്ചും കോടതി വിളിച്ചുവരുത്തി. ഇരുവരെയും ജാമ്യക്കാരുടെ സ്ഥാനത്തുനിന്നും ഒഴിവാക്കിയ കോടതി പുതിയ ജാമ്യക്കാരുണ്ടോയെന്ന് ശബരിനാഥിനോട് ആരാഞ്ഞു. അപ്പോഴാണ് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുമായി എത്തിയ ഒരാള്‍ ശബരിനാഥിന് ജാമ്യം നില്‍ക്കാമെന്ന് കോടതിയില്‍ സമ്മതിച്ചത്.
ഇയാള്‍ സമര്‍പ്പിച്ച ശമ്പള സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച കോടതി ചില സംശയങ്ങള്‍ ചോദിക്കുകയുണ്ടായി. കാര്യം അത്ര പന്തിയല്ല എന്ന് മനസിലാക്കിയ ജാമ്യക്കാരന്‍ കോടതിയില്‍ നിന്ന് ഇറങ്ങിയോടി.
ജാമ്യക്കാര്‍ ഇല്ലാത്തതിനാല്‍ കുട്ടിക്കുബേരനെ ജയിലിലേയ്ക്ക് അയക്കുമെന്ന സാഹചര്യം സംജാതമായപ്പോള്‍ എവിടെനിന്നെന്നില്ലാതെ പുതിയ രണ്ട് ജാമ്യക്കാര്‍ എത്തി. പോത്തന്‍കോട് നന്നാട്ടുകാവ് എഴുവാതുക്കല്‍ വീട്ടില്‍ കെ. അജിത്കുമാര്‍, നെടുമങ്ങാട് പൂവച്ചല്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ പി. ശശി എന്നിവരാണ് പുതിയ ജാമ്യക്കാര്‍. ഇവര്‍ ഹാജരാക്കിയ ഭൂനികുതി രസീത് മജിസ്‌ട്രേട്ട് വി.പി. ഇന്ദിരാദേവി പരിശോധിച്ച് ശബരിക്ക് ജാമ്യം നല്‍കി. ഒന്‍പത് തട്ടിപ്പുകേസുകളിലാണ് കുട്ടിക്കുബേരന്‍ ഇപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.