കൊക്കെയ്ന്‍ കേസ്: മുഖ്യപ്രതി ഗോവയില്‍ അറസ്റ്റില്‍

കൊച്ചി| JOYS JOY| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (09:16 IST)
കൊച്ചി കൊക്കെയ്‌ന്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ നൈജീരിയന്‍ സ്വദേശി ചികോസ് കോളിന്‍സ് ആണ് പിടിയിലായത്. ഗോവയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കൊക്കെയ്ന്‍ കേസില്‍ പിടിയിലായവര്‍ക്ക് കൊക്കെയ്ന്‍ എത്തിച്ചു നല്കിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

കേസിലെ മറ്റുപ്രതികളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചിയിലെ സ്‌മോക്കേഴ്‌സ് പാര്‍ട്ടികള്‍ക്കായി കൊക്കൈന്‍ വിതരണം ചെയ്തത് ഇയാളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ കൊക്കെയ്ന്‍ കേസിലെ പ്രതികളായ ബ്ലസിയെയും രേഷ്മയെയും ഗോവയിലെത്തിച്ച് മയക്കുമരുന്ന് ശൃംഗല കണ്ടെത്താന്‍ പൊലീസ് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

പിന്നീട് നടത്തിയ അന്വേഷണങ്ങളിലാണ് ചിഗോസി വലയിലായത്.

സെക്യൂരിറ്റിജിവനക്കാരനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കിംഗ്‌സ് ഗ്രൂപ്പ് ഉടമ നിഷാമിന്റെ കടവന്തറയിലെ ഫ്ലാറ്റില്‍നിന്നായിരുന്നു സഹസംവിധായിക ബ്ലെസി, ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോ, മോഡലുകളായ ടിന്‍സി, രേഷ്മ, സ്നേഹ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :