കൈവെട്ട്: പ്രതികളെ രക്ഷിക്കാന്‍ ഫണ്ട് ശേഖരണം

തൊടുപുഴ| WEBDUNIA| Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2010 (12:56 IST)
ന്യൂമാന്‍ കോളജ് അധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിക്കുന്നതിനായി വിദേശ രാജ്യങ്ങളില്‍ ഫണ്ട് ശേഖരണം നടക്കുന്നതായി കേരള പൊലീസിന് സൂചന ലഭിച്ചു. ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ഇസ്ലാമിക കക്ഷികളുടെ നേതൃത്വത്തില്‍ വന്‍‌തോതില്‍ ഫണ്ട് ശേഖരണം നടക്കുന്നത്.

ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി കരുതുന്നു. ദോഹ ആസ്ഥാനമായുള്ള എന്‍‌ഡി‌എഫ് ഫ്രറ്റേണിറ്റി ഫ്രണ്ടാണ് ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കുന്നതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പ്രതികളെ നിയമപരമായി സഹായിക്കുന്നതിനായാണ് ഫണ്ട് ശേഖരണം നടക്കുന്നത്.

സുബഹാന്‍ എന്ന വ്യക്തിയാണ് ഫോറത്തിന്‍റെ പ്രസിഡന്‍റെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ സുബഹാന്‍ എന്നയാള്‍ നേരത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അയാള്‍ തന്നെയാണോ ഫോറത്തിന്‍റെ പ്രസിഡന്‍റ് എന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്.

ചോദ്യപ്പേപ്പര്‍ വിവാദം ഉയര്‍ന്ന സമയത്തുതന്നെ പ്രൊഫസര്‍ക്ക് നേരെ ആക്രമണം നടത്തേണ്ടതായിരുന്നെന്ന അഭിപ്രായമാണ് ഗള്‍ഫിലെ പോപ്പുലര്‍ ഫ്രണ്ട് അനുകൂല ഫോറങ്ങള്‍ക്കുണ്ടായിരുന്നതെന്നും ആക്രമണം വൈകിയത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രതിച്ഛായ മങ്ങലേല്‍പ്പിച്ചെന്ന അഭിപ്രായമായിരുന്നു അവര്‍ പ്രകടിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ പ്രൊഫസര്‍ക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ തീവ്രവാദ സംബന്ധിയായ ഏഴ് കേസുകളാണ് ഏജന്‍സി ഇപ്പോള്‍ അന്വേഷിച്ചുവരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :