ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകന് ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫഹദാണ് പിടിയിലായത്. ഉച്ചയ്ക്കു മുമ്പ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
കൈവെട്ടിയ അക്രമിസംഘത്തിന് അകമ്പടിപോയ ആളാണ് ഫഹദെന്ന് പൊലീസ് പറഞ്ഞു. അധ്യാപകന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഫഹദിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. കൃത്യത്തിനു മുമ്പ് അധ്യാപകന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായും ഫഹദ് പോയിരുന്നു.
അതേസമയം, ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന് ടി ജെ ജോസഫിനെ അക്രമിക്കാന്‍ മൂന്നു തവണ പദ്ധതിയിട്ടിരുന്നതായി കേസിലെ പ്രധാന പ്രതി യൂനിസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ ഒരു തവണ അധ്യാപകനെ വീട്ടില്‍ കയറി അക്രമിക്കാനാണ് പദ്ധതിയിട്ടതെന്നും യൂനിസ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
നാലാമത്തെ തവണയാണ് പള്ളിക്ക് സമീപംവച്ച് അധ്യാപകനെതിരെ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയത് ക്വട്ടേഷന്‍ സംഘമല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകരെയണ് ഇതിനായി നിയോഗിച്ചതെന്നും യൂനിസ് പൊലീസിനോട് പറഞ്ഞിരുന്നു.