കേരളത്തിന് പ്രതിഭയുടെ “നമസ്കാരം”

WD
കേരള നിയമ സഭയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ സമാപന ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മലയാളത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തത് സദസ്യരില്‍ കൌതുകമുണര്‍ത്തി. സമ്മേളന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കാനെത്തിയ രാഷ്ട്രപതി “എല്ലാവര്‍ക്കും നമസ്കാരം” എന്ന് പറഞ്ഞായിരുന്നു തുടങ്ങിയത്.

നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ സമാപന ചടങ്ങുകള്‍ പ്രതിഭാപാട്ടീല്‍ ഭദ്രദീപം കൊളുത്തി ഉദഘാടനം ചെയ്തു. തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ സ്വാഗത പ്രസംഗം നടത്തി. മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദനായിരുന്നു മുഖ്യ പ്രഭാഷകന്‍.

വി‌എസ് തന്‍റെ പ്രസംഗത്തില്‍ കേരളത്തിലെ ആദ്യ നിയമസഭയുടെ ഐതിഹാസികമായ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു. ഭൂപരിഷകരണ നിയമവും വിദ്യാഭ്യാസ നിയമവും ആദ്യ നിയമസഭയുടെ കരുത്തുറ്റ നേട്ടമായി വി‌എസ് എടുത്തുകാട്ടി. എന്നാല്‍, ഭരണഘടനയുടെ മുന്നൂറ്റി അമ്പത്താറാം വകുപ്പ് ഉപയോഗിച്ച് ആദ്യ നിയമസഭയുടെ ആയുസ്സ് കുറയ്ക്കാനും ഇത് കാരണമായി എന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.

കേരള നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ പന്ത്രണ്ടാം നിയമസഭ രണ്ട് വര്‍ഷം തികയുമ്പോഴാണെന്ന കാര്യവും വി‌എസ് അച്യുതാനന്ദന്‍ പ്രസംഗമധ്യേ പറയുകയുണ്ടായി. സ്വാശ്രയ വിദ്യാഭ്യാസ നിയമം, കാര്‍ഷിക കടാശ്വാസം, മത്സ്യത്തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ കേരള നിയമസഭയുടെ നേട്ടങ്ങളായും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

കേരള നിയമസഭയുടെ ചരിത്രത്തെ കുറിച്ചും ശ്രീമൂലം പ്രജാസഭയെ കുറിച്ചും തിരുക്കൊച്ചിയിലെ ഭരണത്തെ കുറിച്ചും പ്രതിഭാപാട്ടീല്‍ പ്രസംഗത്തില്‍ പറഞ്ഞു. കേരള നിയമസഭയുടെ നവീനമായ പ്രവര്‍ത്തന ശൈലികളെയും രാഷ്ട്രപതി ശ്ലാഘിച്ചു.

ചടങ്ങില്‍ വച്ച് “'കേരള നിയമസഭ: നിയമ നിര്‍മ്മാണത്തിന്റെ അമ്പതുവര്‍ഷം' എന്ന പുസ്തകത്തിന്‍റെ ആദ്യ പ്രതിയും ഒന്നാം കേരള നിയമസഭാ നടപടികള്‍ ഡിജിറ്റലൈസ്‌ ചെയ്‌ത സി.ഡി യുടെ ആദ്യ പ്രതിയും രാഷ്ട്രപതി മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദനില്‍ നിന്ന് ഏറ്റുവാങ്ങി.


തിരുവനന്തപുരം| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :