കേരളം വിഷുക്കണി കണ്ട് ഉണര്‍ന്നു. ഇത്തവണ മേടം രണ്ടിനാണ് വിഷുവെത്തിയത്. കണിവെള്ളരിയും കൊന്നപ്പൂവും കണികണ്ടുണരുന്ന മലയാളി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയുമായാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.
സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണികാണാന്‍ വയ്ക്കുക.
തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്.
ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.
ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. "വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും (ഇത്തവണ രണ്ടാം തീയതി) തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.
വിഷുദിനത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കണിയൊരുക്കിയിരിക്കും. ഗുരുവായൂര്‍, ശബരിമല, പൂര്‍ണത്രയീശ്വരി ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളില്‍ അതിരാവിലെ മുതല്‍ കണികണ്ട് വണങ്ങാന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു.