കേരള വിദ്യാര്‍ത്ഥികള്‍ക്ക് നോബല്‍ ജേതാക്കളുടെ ക്ലാസ്
തിരുവനന്തപുരം|
WEBDUNIA|
നോബല്‍ സമ്മാന ജേതാക്കളുടെ ക്ലാസിലിരിക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കൈവരുന്നു. 2000ല്‍ ഭൌതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ റഷ്യന്‍ ശാത്രജ്ഞന്‍ സോര്‍സ് ഇവാനോവിച്ച് ആല്‍ഫെറോവ്, 1996ല്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് ശാത്രജ്ഞന്‍ ഹരോള്‍ഡ് വാള്‍ട്ടര്‍ ക്രോട്ടോ എന്നിവരാണ് കേരള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നത്.
സോര്‍സ് ആല്‍ഫെറോ 2010 ജനുവരിയില്‍ കുസാറ്റില്‍ ക്ലാസെടുക്കും. ക്രോട്ടോ 2010 അവസാനത്തോടെ എംജി സര്‍വകലാശാലയില്‍ ക്ലാസെടുക്കാനെത്തും. ഇവരെക്കൂടാതെ നോബല്‍ സമ്മാന ജേതാക്കളായ മൂന്നോ നാലോ പേര്‍കൂടി സംസ്ഥാനത്തെത്തുമെന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ എറുഡിറ്റ് പദ്ധതിയുടെ ഭാഗമായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
ആര്‍ട്സ് ഈന്‍റ് സയന്‍സ് കോളജുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയാണ് എറുഡിറ്റ് പദ്ധതിയുടെ ലക്‍ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടികളെ കൂടുതലായി പ്രൊഫഷണല്‍ കോളജുകളിലേക്ക് അയയ്ക്കുന്നതിലൂടെ ഒരു നിശബ്ദ്ധ ദുരന്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകള്‍ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാകൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എറുഡിറ്റ് പദ്ധതിയുടെ ഭാഗമായി നിരവധി പ്രശസ്ത പണ്ഡിതര്‍ കുസാറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു. രണ്ട് ഭട്നാഗര്‍ അവാര്‍ഡ് ജേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ആല്‍ഫെറോവിന്‍റെ സന്ദര്‍ശന സമയത്ത് കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലുമുള്ള പിജി ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ക്കും കുസാറ്റിലെത്തി ക്ലാസിലിരിക്കാനുള്ള അവസരമുണ്ടാകും. എറുഡിറ്റ് പദ്ധതിക്കായി ഈ വര്‍ഷം സര്‍ക്കാര്‍ ഏഴ് കോടീ രൂപയാണ് മാറ്റിവച്ചത്.