കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണ് നടന്നതെന്ന് തിരുവഞ്ചൂർ

ഈ വഞ്ചനക്കുള്ളത് തിരിച്ചുകിട്ടും, എല്ലാ രീതിയിലും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

aparna shaji| Last Modified ബുധന്‍, 3 മെയ് 2017 (12:59 IST)
കേരള കോൺഗ്രസുമായി ഇനിയൊരു ബന്ധവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ ബന്ധങ്ങളും ഇന്നത്തോടു കൂടി അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ച് സിപിഎമ്മുമായി ധാരണയുണ്ടാക്കി കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത സാഹചര്യത്തിലാണ് തിരുവഞ്ചൂർ ഇങ്ങനെ പ്രതികരിച്ചത്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയാണ് ഇന്നു നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വഞ്ചനയുടെ ഫലം എല്ലാ തലത്തിലും പ്രതിഫലിക്കുമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

സിപിഎമ്മിന്റെ പിന്തുണയോടെ നടത്തിയ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ തളളിയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെയാണ് സിപിഎം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുത്ത‌ത്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികള്‍ക്കൊപ്പം സിപിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. അവസാന നിമിഷത്തിലായിരുന്നു ഈ ചുവടുമാറ്റം. നേരത്തെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച കരാര്‍ മാണി വിഭാഗം ലംഘിച്ചതില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്.

സിപിഐയുടെ പിന്തുണയില്ലാതെയാണ് മാണി വിഭാഗത്തെ സിപിഎം കുടെ നിര്‍ത്തിയത്. സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കണ്ട എന്നായിരുന്നു സിപിഐയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :