കേന്ദ്രത്തിന്‍റേത് ക്രൂരമായ അവഗണന

തിരുവനന്തപുരം | WEBDUNIA|
സംസ്ഥാനത്തെ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് കേന്ദ്ര പ്രകൃതി ദുരന്ത ദുരിതാശ്വാസ ഫണ്ടില്‍ നിന്നും സഹായം അനുവദിക്കണമെന്ന് എം.പിമാരുടെ യോഗം ആവശ്യപ്പെട്ടു.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സമഗ്രമായ കേന്ദ്ര നിയമം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ കുത്തകകളെ അനുവദിക്കുന്നതിനെതിരെ ശക്തമായ പ്രത്രിഷേധം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഓഗസ്റ്റ് പത്തിന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ കേരളം എടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാ‍നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എം.പിമാരുടെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നത്.

കാലവര്‍ഷം നേരിടുന്ന സംസ്ഥാനത്തോട് കേന്ദ്രം ക്രൂരമായ അവഗണനയാണ് കാട്ടുന്നതെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കേന്ദ്ര പ്രകൃതി ദുരന്ത ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക കേന്ദ്രം അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളില്‍ കാലവര്‍ഷക്കെടുതികള്‍ ഉണ്ടായപ്പോള്‍ ഈ ഫണ്ടില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. കേരളത്തിലെ മുഴുവന്‍ എം.പിമാരും പിന്തുണ കൊടുക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എന്നിട്ടും കേരളത്തോട് ക്രൂരമായ അവഗണനയാണ് കേരളം കാട്ടുന്നത്.

മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാ‍ത്രമേ സേലംഡിവിഷനെക്കുറിച്ച് ആലോചിക്കൂവെന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന കാര്യവും പാര്‍ലമെന്‍റില്‍ ഉന്നയിക്കും. കേരളത്തിന്‍റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ മറ്റ് നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും യോഗ തീ‍രുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കോടിയേരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :