കൂടുതല്‍ അരിയെത്തി; വില കുറയുന്നു

കൊല്ലം | M. RAJU| Last Modified ശനി, 30 ഓഗസ്റ്റ് 2008 (15:55 IST)
സംസ്ഥാനത്ത് അരിവില കുറയുന്നു. ആന്ധ്രയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ അരി കേരളത്തിലേക്ക് എത്തിത്തുടങ്ങിയതാണ് അരി വില കുറയാന്‍ കാരണം.

തെക്കന്‍ കേരളത്തിലെ പ്രധാന അരിവിതരണ കേന്ദ്രം കൊല്ലമാണ്. തീവണ്ടി മാര്‍ഗ്ഗം ആന്ധ്രയില്‍ നിന്നും കൊല്ലത്തെത്തിക്കുന്ന അരി ലോറികളില്‍ കയറ്റി മറ്റ് ജില്ലകളിലേക്ക് കൊണ്ടു പോകും. ഇടക്കാലത്ത് ലെവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അരി വരവിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ തടസ്സം മാറിയതോടെയാണ് അരി വരവ് സുഗമമായത്.

24 രൂപ വരെയെത്തിയ ഒരു കിലോ അരിയുടെ വില ഇപ്പോള്‍ 18 രൂപയായി കുറഞ്ഞു. അടുത്തിടെ ലെവി സമ്പ്രദായത്തില്‍ ആന്ധ്ര സര്‍ക്കാര്‍ കര്‍ശന നിബന്ധനകള്‍ കൊണ്ടു വന്നത് വീണ്ടും അരി വരവ് പ്രതിസന്ധിയിലാക്കി. പ്രതിസന്ധി ഓണവിപണിയെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു.

ഇതിന്‍റെ പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും ആന്ധ്രയില്‍ നിന്നും അരി ലോഡ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചയെയും വ്യാഴാഴ്ചയുമായി 450 ലോഡ് അരി വീതം കയറ്റി അയച്ചിട്ടുണ്ട്. വീണ്ടും അരി ലോഡ് ചെയ്തും വരികയാണ്. ഈ സാഹചര്യത്തില്‍ അരി വില ഇനിയും കുറയുമെന്നാണ് സൂചന.

ഇതിനിടെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാനായി റെയ്ഡുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിയന്ത്രിത അളവിലാണെങ്കിലും കണ്‍‌സ്യൂമര്‍ ഫെഡിന്‍റെ ഓണ ചന്തകളിലും മാവേലി സ്റ്റോറുകളിലും അരി 14 രൂപയ്ക്ക് വില്‍ക്കുന്നത് അരിവില പിടിച്ചു നിര്‍ത്താന്‍ സഹായകരമാകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :