കാലുവാരിത്തോല്‍പ്പിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കണ്ണൂര്‍| WEBDUNIA|
PRO
കണ്ണൂര്‍ നഗരസഭയില്‍ നിന്ന് പുതിയ വിവാദം. നഗരസഭയിലെ കസാനക്കോട്ട സൌത്ത് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി വിജയിച്ചത് എല്‍ ഡി എഫ് വോട്ടു മറിച്ചുകൊടുത്തതു കാരണമാണെന്ന് ആരോപിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ശശീന രംഗത്തെത്തി.

എല്‍ ഡി എഫിന് ലഭിക്കേണ്ട നൂറിലധികം വോട്ടുകള്‍ എസ് ഡി പി ഐക്ക് മറിച്ചുകൊടുക്കുകയായിരുന്നു. ഒപ്പം നില്‍ക്കുന്നവര്‍ തന്നെ തന്‍റെ കാലുവാരിത്തോല്‍പ്പിക്കുകയായിരുന്നു എന്നാണ് ശശീന ആരോപിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി എല്‍ ഡി എഫിന്‍റെ സീറ്റാണ് കസാനക്കോട്ട സൌത്ത്. ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശശീനയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്.

എസ് ഡി പി ഐയിലെ സുഫീറയാണ് ഇവിടെ ജയിച്ചത്. വെറും 38 വോട്ടിനാണ് സുഫീറയുടെ ജയം. 34 കള്ളവോട്ടുകള്‍ എസ് ഡി പി ഐ ചെയ്തിട്ടുണ്ടെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. യു ഡി എഫിന്‍റെ പിന്തുണയുള്ള ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്.

തന്‍റെ ഒപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ പോലും എല്‍ ഡി എഫിലെ ചിലര്‍ വിസമ്മതിച്ചിരുന്നതായി ശശീന വെളിപ്പെടുത്തി. എന്തായാലും കണ്ണൂരില്‍ എല്‍ ഡി എഫുകാര്‍ തങ്ങളുടെ തന്നെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയെന്ന ആരോപണം ജില്ലയിലെ ഇടതുപക്ഷത്തില്‍ പൊട്ടിത്തെറി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :