പുത്തൂര്‍ ഷീലവധക്കേസ് പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ സി ബി ഐ സാക്ഷി മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍. മണി എന്ന് വിളിക്കുന്ന മാധവന്‍കുട്ടിക്കാണ് മര്‍ദ്ദനം ഏറ്റത്.
സി ബി ഐയ്ക്ക് മണി നല്‍കിയ സാക്ഷി മൊഴിയില്‍ പ്രകോപിതരായ ചിലരാണ് അക്രമത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പ്രതികളായ പൊലീസുകാരുടെ ബന്ധുക്കളാണ് തന്നെ ആക്രമിച്ചത് എന്നാണ് ഇയാള്‍ പറയുന്നത്. മെയ് 7-ന് തനിക്ക് റോഡില്‍ വച്ച് മര്‍ദ്ദനം ഏറ്റുവെന്നും പിന്നീട് മെയ് 10-ന് രണ്ടുപേര്‍ തന്നെ വീട്ടില്‍ കയറി തല്ലി എന്നും ഇയാള്‍ പറയുന്നു.
സമ്പത്തിന്റെ കൊലപാതകത്തിലെ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ടാണ് മണി ഈ കേസില്‍ അകപ്പെടുന്നത്. മലമ്പുഴയിലെ ജലസേചനവകുപ്പിന്റെ കോട്ടേജില്‍ വച്ചായിരുന്നു സമ്പത്ത് ദാരുണമായി പീഡിപ്പിക്കപ്പെട്ടത്. മുറിയില്‍ അവശേഷിച്ചിരുന്ന ഇതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ നിയോഗിച്ചിരുന്നത് മണിയെ ആയിരുന്നു. എന്നാല്‍ സമ്പത്ത് കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ പറയുന്നുണ്ട്. തൊട്ടടുത്ത ദിവസം പത്രത്തിലൂടെയാണ് ഇയാള്‍ ഇക്കാര്യം അറിഞ്ഞത്. തെളിവ് നശിപ്പിച്ചതിന്റെ കൂലിയായി മണിയ്ക്ക് 300 രൂപയും ഒരു കുപ്പി ബ്രാണ്ടിയും പൊലീസുകാര്‍ നല്‍കിയിരുന്നു.
ഈ വിവരങ്ങള്‍ മണി ക്രൈംബ്രാഞ്ചിനോറും സി ബി ഐയോടും തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. മണി പറഞ്ഞ കാര്യങ്ങളെല്ലാം പ്രതികളായ പൊലീസുകാരുടെ കൊലപാതകത്തിലെ പങ്ക് അരക്കിട്ടുറപ്പിക്കുന്നതുമാണ്. ഇത് വ്യക്തമായതോടെയാണ് ചിലര്‍ മണിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് എന്നാണ് സൂചന.