aparna|
Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (09:21 IST)
കാറും കോളും നിറഞ്ഞ കള്ള കര്‍ക്കിടകം വിട വാങ്ങി. പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പൊന്നിന്‍ ചിങ്ങം പിറന്നു. തിരുവോണത്തിന്‍റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി. പ്രതീക്ഷകളുടെയും ആനന്ദത്തിന്‍റെയും കാലമായ ചിങ്ങമാസം, ദുരിതങ്ങളുടെ കണ്ണീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം.
ദുരിതങ്ങളുടെ കയ്പ്നീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ഈ ദിവസം കര്‍ഷകദിനമായാണ് മലയാളികള്‍ ആചരിക്കുന്നത്. ജൈവദിനമായും ചിങ്ങം ഒന്ന് പ്രാധാന്യമര്‍ഹിക്കുന്നു. ചിങ്ങമെത്തിയതോടെ കേരളത്തിലെ വിപണികളും സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാര്‍ക്ക് ചാകരക്കാലമാണ്.
ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളാണ് ചിങ്ങത്തിന്‍റെ നിറപ്പകിട്ട്. കര്‍ക്കിടകം പടിയിറങ്ങുന്ന ദിവസം കേരളീയര്‍ വീടും പരിസരവും വൃത്തിയാക്കി പൊന്നിന്‍ ചിങ്ങത്തെ വരവേറ്റു. ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടന്നു. മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി. ചിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ തിരുവോണവും ഇതേ മാസത്തിലാണ്.