കളമശേരി ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി| WEBDUNIA|
PRO
PRO
കളമശേരി ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. കൂടാതെ സലിം‌രാജിന്റെ ഫോണ്‍‌രേഖകള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. മൊബൈല്‍ സേവനദാതാക്കള്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണമുണ്ടായില്ലെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാ‍ണ് കേസ് അന്വേഷിക്കാന്‍ സര്‍ക്കാരിന് മടിയെന്നും കോടതി ആരാഞ്ഞു.

കളമശേരി, കടകംപള്ളി കേസുകളിലെ പരാതിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദാണ് പരിഗണിച്ചത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖേന കളമശേരി സ്വദേശികളും പരാതിക്കാരുമായ ഷെരീഫയും മക്കളും നല്‍കിയ പരാതി ഡിജിപിക്ക് വിടുകയും വിജിലന്‍സ് അന്വേഷണത്തിനുള്ള ശിപാര്‍ശ ഡിജിപി സര്‍ക്കാറിനു കൈമാറുകയും ചെയ്തിരുന്നു. കടകംപള്ളി കേസിലും വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

രണ്ട് കേസുകളും വിജിലന്‍സിന് വിട്ടതായി സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസ് പ്രധാനമായും രണ്ടു വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് എജി നേരത്തെ കോടതിയെ അറിയിച്ചിരുന്നു . രണ്ട് വ്യക്തികള്‍ തമ്മിലുള്ള കേസാണെങ്കില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :