കൊച്ചി|
Last Modified ശനി, 19 മാര്‍ച്ച് 2016 (18:15 IST)
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച സത്യം ഉടന്‍ പുറത്തുവരുമെന്ന് സൂചന. മണിയുടെ ഏറ്റവും അടുത്ത സഹായികളായ മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ബിനു എന്ന സഹായിയെയും ഈ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. മണി അബോധാവസ്ഥയിലാകുന്നതിന് തൊട്ടുമുമ്പുള്ള സമയത്ത് ഇവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.
മുരുകനെ സംബന്ധിച്ച് ഏറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെറും മൂന്നുമാസങ്ങള്‍ക്ക് മുമ്പാണ് മുരുകന്‍ കലാഭവന്‍ മണിക്കൊപ്പം ചേരുന്നത്. ഈ മൂന്നുമാസങ്ങള്‍ കൊണ്ട് മുരുകന്‍ എങ്ങനെ മണിയുടെ ഏറ്റവും പ്രധാന സഹായി ആയി എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്.
മുരുകന്‍ കൊലക്കേസ് പ്രതിയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മണിയുടെ പാഡിയില്‍ പാചകവും മദ്യസല്‍ക്കാരവുമെല്ലാം ഇയാളുടെ നേതൃത്വത്തിലാണ് നടന്നിരുന്നതെന്നാണ് വിവരം.
മുരുകനൊപ്പം തന്നെ വിപിനെയും മണിയുടെ കുടുംബം സംശയിക്കുന്നുണ്ട്. ഇവര്‍ അറിയാതെ ഒരു ഭക്ഷണവും മണി കഴിക്കില്ലെന്ന് കുടുംബത്തിനുറപ്പുണ്ട്. മുരുകനും വിപിനും അരുണും അറിയാതെ മദ്യമായാലും എന്തായാലും മണിയിലേക്കെത്തില്ലെന്ന് മാനേജര്‍ ജോബിയും അറിയിച്ചിട്ടുണ്ട്.