കോട്ടയം|
WEBDUNIA|
Last Modified തിങ്കള്‍, 13 ജൂലൈ 2009 (14:26 IST)
എറണാകുളം കലക്ടറേറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയില്‍ നിന്ന് നാലു പേരും തൊടുപുഴയില്‍ നിന്ന് ഒരാളുമാണ് അറസ്റ്റിലായത്. വാഗമണില്‍ സിമി ക്യാമ്പിനു നേതൃത്വം നല്‍കിയ ഷിബിലിയുടെ അടുത്ത ബന്ധുവാണ് ഈരാറ്റുപേട്ടയില്‍ നിന്ന് പിടിയിലായ ഒരാളെന്ന് സൂചനയുണ്ട്.
വാഗമണ്ണിലെ ഒരു വീട്ടില്‍ കഴിഞ്ഞിരുന്ന നാലു പേരെ ഇന്നു പുലര്‍ച്ചെ 3.30നാണ് അറസ്റ്റു ചെയ്തത് എന്നാണ് വിവരം. കബീര്‍, കരീം എന്നിങ്ങനെയാണ് രണ്ടു പേരുടെ പേരുകളെന്ന് അറിവായിട്ടുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും കലക്ടറേറ്റ് ജീവനക്കാരുമായി ബന്ധമുണ്ടോ എന്നോ, ഏതെങ്കിലും തീവ്രവാദ സംഘടനയില്‍ അംഗങ്ങളാണോ എന്നോ ഉള്ള കാര്യങ്ങള്‍ വ്യക്തമല്ല. എന്തായാലും അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ഇന്‍റലിജന്‍സ് മേധാവി സിബി മാത്യൂസാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഐജി വിന്‍സന്‍ എം പോളും സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് ഏബ്രഹാമും നേതൃത്വം നല്‍കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു എറണാകുളം കലക്‌ടറേറ്റിന്‍റെ അഞ്ചാം നിലയില്‍ സ്‌ഫോടനമുണ്ടായത്. അമോണിയം നൈട്രേറ്റ്, ഇലക്ട്രിക് ഡിറ്റണേറ്റര്‍, ടൈമര്‍, ബാറ്ററി എന്നിവ സ്‌ഫോടന സ്ഥലത്തു നിന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍, കേരളം തീവ്രവാദികളുടെ ലക്‍ഷ്യകേന്ദ്രമാണെന്ന് കരുതുന്നില്ലെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് ഞായറാഴ്ച പറഞ്ഞിരുന്നു. എറണാകുളം കളക്ടറേറ്റിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.