തിരുവോണത്തിന് ചെന്നൈയില്‍ അവധി നല്‍കി തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി മലയാളികളെ സന്തോഷിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കരുണാനിധിക്കൊരു ആഗ്രഹം. തമിഴകത്തിന്‍റെ സ്വന്തം ഉത്സവമായ പൊങ്കലിന് കേരളത്തില്‍ അവധി നല്‍കണം. പൊങ്കല്‍ ദിനമായ ശനിയാഴ്ചയാണ് അവധി നല്‍കേണ്ടത്. ഈ ആവശ്യമുന്നയിച്ച് കരുണാനിധി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കത്തെഴുതിയിരുന്നു. കരുണാനിധിയെ വി എസ് നിരാശനാക്കിയില്ല, അവധി അനുവദിക്കുക തന്നെ ചെയ്തു!
തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പൊങ്കല്‍ പ്രമാണിച്ച് ശനിയാഴ്ച സര്‍ക്കാര്‍ പ്രാദേശിക അവധി നല്‍കിയിരിക്കുന്നത്. ഈ ജില്ലകള്‍ക്ക് അവധി നല്‍കണമെന്നായിരുന്നു കരുണാനിധിയുടെ അഭ്യര്‍ത്ഥന. തമിഴ്നാട് അതിര്‍ത്തിയായി വരുന്ന കേരളത്തിലെ ജില്ലകളാണിവ. കരുണാനിധിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അവധി നല്‍കിയതെന്ന് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ഓണത്തിന് ചെന്നൈ, നീലഗിരി, കന്യാകുമാരി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളിലാണ് തമിഴ്നാട് അവധി നല്‍കുന്നത്. ഇക്കാര്യം വി എസ്സിനുള്ള കത്തില്‍ കരുണാനിധി പ്രത്യേകം പരാമര്‍ച്ചിരുന്നു.
വെള്ളം നല്‍കുന്ന കാര്യത്തില്‍ രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും അവധി നല്‍കുന്നതില്‍ സമ്പൂര്‍ണ സഹകരണമാണ് കരുണാനിധിയും വി എസും പ്രഖ്യാപിച്ചിരിക്കുന്നത്.