കരിപ്പൂരില്‍ സ്വര്‍ണവേട്ട: 4.37 കിലോ സ്വര്‍ണം പിടിച്ചു

മലപ്പുറം| WEBDUNIA|
PRO
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 4.37 കിലോ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തു. ഇതോടനുബന്ധിച്ച് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഗള്‍ഫില്‍ നിന്നെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ്‌ ഈ സ്വര്‍ണം പിടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസും ഡിആര്‍ഐ സംഘവുമാണ്‌ സ്വര്‍ണവേട്ട നടത്തിയത്.

എയര്‍ അറേബ്യയുടെ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ വടകര സ്വദേശി എന്‍ബി ഷിബിന്‍ കൃഷ്ണ (22), കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി ഷജു (30), ഇത്തിഹാദ് എയര്‍വേയ്സില്‍ അബുദാബിയില്‍ നിന്നെത്തിയ കോട്ടയം മല്ലുശേരി സിറാജുദ്ദീന്‍ (41) എന്നിവരില്‍ നിന്നാണ്‌ അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണം പിടിച്ചെടുത്തത്.

ഷിബിന്‍ കൃഷ്ണയുടെ ബാഗില്‍ നിന്ന് 1.165 കിലോ സ്വര്‍ണം പിടിച്ചപ്പോള്‍ ഷാജുവിന്‍റെ ബാഗില്‍ നിന്ന് 1.105 കിലോ സ്വര്‍ണവും പിടിച്ചു. എക്സ്റേ പരിശോധനയില്‍ സംശയം തോന്നിയായിരുന്നു ഇരുവരുടെയും ബാഗുകള്‍ തുറന്നു പരിശോധിച്ചത്.

അതേ സമയം രണ്ടു കിലോ വീതമുള്ള സ്വര്‍ണക്കട്ടികള്‍ അടിവസ്ത്രത്തിലെ രഹസ്യ അറകളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച സിറാജുദ്ദീനെയും പിടികൂടി. ഇയാള്‍ സ്വര്‍ണം കടത്തുന്നതു സംബന്ധിച്ച് നേരത്തേ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇയാള്‍ സ്ഥിരമായി കള്ളക്കടത്തു നടത്തുന്നവരുടെ കാരിയറാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്നു പിടിയിലായ സ്വര്‍ണം 8.24 കിലോ ആയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :