നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കുഴപ്പങ്ങള്‍ കാണിക്കുന്ന കരാറുകാര്‍ക്ക് പിന്നീട് പൊതുമരാമത്തു വകുപ്പിന്‍റെ കരാറുകള്‍ നല്‍കില്ലെന്നു മന്ത്രി എം വിജയകുമാര്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ പൊതുമരാമത്ത് വകുപ്പ് അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവാരം കുറയാതെ കാലാവധിക്കു മുന്‍പ് പൂര്‍ത്തിയാക്കുന്നവര്‍ക്കും വകുപ്പില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍മാര്‍ക്കും പ്രത്യേക പാരിതോഷികം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ തകര്‍ന്ന റോഡുകള്‍ സ്പെഷ്യല്‍ പാക്കെജില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും റോഡുകള്‍ തെരഞ്ഞെടുക്കുക. ദേശീയ പാതകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള 706 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ഇനിയും ലഭിക്കാനുണ്ടെന്നും എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഫണ്ട് കൊണ്ട് ദേശീയ പാതയുടെ നിലവാരം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
റോഡുകളുടെ അവസ്ഥ അവലോകനം ചെയ്യാന്‍ മാധ്യമങ്ങളെ കൂടി പങ്കെടുപ്പിച്ചു സംസ്ഥാനതലത്തില്‍ പൊതുമരാമത്ത് വകുപ്പ് മാധ്യമ ഉപദേശക സമിതി രൂപീകരിക്കും. കൂടാതെ ടെന്‍ഡര്‍ ഷെഡ്യൂള്‍ പൂര്‍ണമായും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. ഇതോടെ ഉദ്യോഗസ്ഥ - കരാര്‍ ലോബി അവിശുദ്ധ കൂട്ടുകെട്ട് ഒരു പരിധി വരെ അവസാനിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എസ് ശര്‍മ, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.