അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് അവരുടെ രേഖാ മൂലമുള്ള സമ്മതത്തോടെയാണെന്ന് സി ബി ഐ. ഡല്‍ഹി ഹൈക്കോടതിയിലാണ് സി ബി ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുറ്റകൃത്യവും അന്വേഷണവും വിചാരണയും കേരളത്തില്‍ നടന്ന സംഭവത്തില്‍ പ്രതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെയും സി ബി ഐ കുറ്റപ്പെടുത്തി. കേസ് നടപടികള്‍ വൈകിക്കുന്നതിന് ആണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതെന്ന് സി ബി ഐ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കന്യകാത്വ പരിശോധനയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വെച്ച് സെഫി രേഖാമൂലം സമ്മതം നല്‍കിയിരുന്നതായും സി ബി ഐ അറിയിച്ചു. പരിശോധനാ സമയത്ത് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരും ഡോക്ടര്‍മാരും മാത്രമാണ് അടുത്തുണ്ടായിരുന്നത്. പരിശോധനാ സമയത്ത് സി ബി ഐ ഉദ്യോഗസ്ഥര്‍ അടുത്തുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്. കന്യാചര്‍മ്മം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍തന്നെ നടത്താനാകുമെന്നും സി ബി ഐ കോടതിയെ അറിയിച്ചു.
അതേസമയം, സി ബി ഐ വാദങ്ങളെ എതിര്‍ത്ത സെഫിയുടെ അഭിഭാഷകന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം ചോദിച്ചു. കേസ് നവംബര്‍ 30ന് വീണ്ടും പരിഗണിക്കും. കന്യാചര്‍മ്മം വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ വിദേശത്ത് മാത്രമേ നടത്താന്‍ കഴിയൂ എന്നും സിസ്റ്റര്‍ സെഫി വിദേശയാത്ര നടത്തിയിട്ടില്ലെന്നും ആയിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. കന്യകാത്വ പരിശോധനയ്ക്കായി നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നും ആരോപിച്ച് ആയിരുന്നു സിസ്റ്റര്‍ സെഫി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.