കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം| WEBDUNIA|
PRO
കണ്ടക്ടരുടെ ബാഗ് പിടിച്ചുപറിച്ച് ഓടിയ കേസുമായി ബന്ധപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം തമ്പാന്നൂര്‍ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ നേമം പുന്നമൂട് ഭഗവതി നട തെക്കറ തലയ്ക്കല്‍ അമ്മു ഭവനില്‍ മുളകുപൊടി ഷിബു എന്ന ഷിബു (34) വാണ്‌ അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ചെന്നൈയില്‍ നിന്ന് അനന്തപുരിയിലെത്തിയ തമിഴ്നാട് സര്‍ക്കാര്‍ വക ബസ് കണ്ടക്ടറായ പോളിന്‍റെ പക്കല്‍ നിന്നാണ്‌ ഷിബു 24,000 രൂപയുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത് അപ്രത്യക്ഷനായത്.

ബസ് തമ്പാന്നൂര്‍ ബസ് സ്റ്റേഷനടുത്തെത്തിയതും കണ്ടക്ടറില്‍ നിന്ന് ഷിബു ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു. കണ്ടക്ടര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. തമ്പാന്നൂര്‍ സി.ഐ ഷീന്‍ തറയില്‍, എസ്.ഐ എസ്.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ തിരച്ചില്‍ നടത്തി ഷിബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബാലരാമപുരം സ്വദേശി സുന്ദരേശന്‍ എന്നയാളുടെ മുഖത്ത് മുളകുപൊടി വിതറി പണം, മാല എന്നിവ കവര്‍ന്ന കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്‌ ഷിബു. അറസ്റ്റിലായ ഷിബുവിനെ കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :