കഞ്ചിക്കോട്: പ്രതിപക്ഷം ഇറങ്ങിപ്പോയി

Kerala Assembly
KBJWD
കഞ്ചിക്കോട് ഭൂമി പ്രശ്നത്തില്‍ നല്‍കിയ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഭൂമിയിടപാടില്‍ വ്യവസായ മന്ത്രി എളമരം കരീമിന് പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. രാവിലെ ചോദ്യോത്തര വേള അവസാനിച്ച ശേഷം കോണ്‍ഗ്രസ് അംഗം കെ.സി വേണുഗോപാലാണ് അടിയന്തിര പ്രമേയ അവതരണത്തിന് അനുമതി തേടിയത്.

കഞ്ചിക്കോട്ട് വ്യവസായ പാര്‍ക്കിന്‍റെ കീഴിലുള്ള ഭൂമി മൂന്ന് ചെറുകിട വ്യവസായികള്‍ക്ക് കൈമാറിയതില്‍ വളരെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. 3.2 ഏക്കര്‍ വരുന്ന സ്ഥലം വളരെ തുച്ചമായ വിലയ്ക്കാണ് നല്‍കിയിരിക്കുന്നത്. ഈ ഭൂമി ചെറുകിടക്കാര്‍ക്കല്ലെന്നും അദ്ദേഹം അരോപിച്ചു.

ഈ കൈമാറ്റത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍ കൈമാറ്റത്തെക്കുറിച്ച് ജുഡീ‍ഷ്യല്‍ അന്വേഷണം നടത്തണം. ഈ ഇടപാടില്‍ വ്യവസായ വകുപ്പ് മന്ത്രിക്ക് വളരെ വ്യക്തമായ പങ്കുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു. 1970 ലെ നിയമം അനുസരിച്ചാണ് ഭൂമി കൈമാറിയതെന്ന് വ്യവസായ മന്ത്രി എളമരം കരീം മറുപടി നല്‍കി.

ഈ ഇടപാടില്‍ യാതൊരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല. ഇത്തരത്തിലുള്ള ഒരു ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ശരിയാണോയെന്ന് പരിശോധിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ താന്‍ ചുമതലപ്പെടുത്തിയിരുന്നു.

അതിനാല്‍ ഈ പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ചെറുകിടക്കാര്‍ എന്നെഴുതി നെറ്റിയില്‍ ഒട്ടിച്ചുകൊണ്ടു വന്ന ചിലര്‍ക്കാണ് ഈ ഭൂമി നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ സര്‍ക്കരിന്‍റെ കാലത്ത് ഈ ഭൂമി കൈമാറുന്നതിന് ശ്രമം നടന്നപ്പോള്‍ വലിയ പ്രതിഷേധമാണ് ഇപ്പോഴത്തെ ഭരണപക്ഷം നടത്തിയത്.

ആ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു. സര്‍ക്കാരിന്‍റെ നയം മാറിയെങ്കില്‍ അത് പൊതുജനങ്ങളെ അറിയിക്കണമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. യോഗ്യരായ നിരവധിപേര്‍ അപേക്ഷ നല്‍കാന്‍ കാത്ത് നിന്നപ്പോഴാണ് സെന്‍റിന് 1729 രൂപ വച്ച് വന്‍‌കിടക്കാര്‍ക്ക് ചെറുകിടക്കാര്‍ എന്ന പേരില്‍ ഭൂമി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 27 ഫെബ്രുവരി 2008 (10:40 IST)
ഇതുമായി ബന്ധപ്പെട്ട് മന്ത്രി ചര്‍ച്ചയ്ക്ക് തയാറാകാത്തത് കൊണ്ടു തന്നെ സഭ വിട്ടിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :