ഔദ്യോഗിക പക്ഷം അപമാനിക്കുന്നുവെന്ന് വി എസിന്റെ വിശ്വസ്തരുടെ പരാതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സിപിഎം ഔദ്യോഗിക പക്ഷത്തിനെതിരെ വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തര്‍ പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. വാര്‍ത്ത ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അച്ചടക്ക നടപടി നേരിടുന്ന പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളായ എ സുരേഷ്, കെ ബാലകൃഷ്ണന്‍, വി കെ ശശിധരന്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വം വാര്‍ത്ത ചോര്‍ത്തി തങ്ങളെ അപമാനിക്കുകയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

തങ്ങള്‍ക്കെതിരായ നടപടി വിഎസിനെ ലക്ഷ്യം വച്ചുള്ളതാണ്. ചാനല്‍ ചര്‍ച്ചകളിലും വിഎസിനെയും തങ്ങളെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വാര്‍ത്ത ചോര്‍ത്തുന്നവര്‍ പാര്‍ട്ടിയില്‍ സജീവമാണ്. വിഎസ് പങ്കെടുക്കാത്ത കമ്മറ്റി യോഗങ്ങളിലെ വാര്‍ത്തകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കെതിരായ നടപടിയുടെ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനെക്കുറിച്ചും പിബി അന്വേഷിക്കണം എന്നും വിഎസിന്റെ വിശ്വസ്തരുടെ പരാതിയിലുണ്ട്.

വി എസിനെതിരായ നടപടി നീട്ടിവച്ച്, അദ്ദേഹത്തിന്റെ മൂന്ന് വിശ്വസ്തരെയും പുറത്താക്കാനുള്ള തീരുമാനം കേന്ദ്രം നേതൃത്വം അംഗീകരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് വിശ്വസ്തര്‍ പരാതി നല്‍കിയിരിക്കുന്നത്.

പിബി, കേന്ദ്രകമ്മറ്റി തീരുമാനങ്ങളെ മുന്‍‌വിധിയോടെ കാണരുതെന്ന് വിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :