ഒഴിപ്പിക്കുന്നത് എതിര്‍ത്താല്‍ ഗുണ്ടാനിയമം: മന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മൂന്നാറില്‍ ഇതുവരെ 455 ഏക്കര്‍ കൈയേറ്റ പ്രദേശങ്ങള്‍ ഒഴിപ്പിച്ചുവെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നാറില്‍ ഒരു കാരണവശാലും ഇനി അനധികൃതകയ്യേറ്റം അനുവദിക്കില്ല. മൂന്നാറിലെ ഒഴിപ്പിക്കലിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. മറ്റ് പ്രദേശങ്ങളിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കും. മൂന്നാറിലെ കൈയേറ്റ ഭൂമിയില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെ പരാതിയില്‍ മേല്‍ ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. അവര്‍ക്കായി നിയമാനുസൃതമായ പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗം കോടതിയെ ബോധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ അനധികൃത കയ്യേറ്റക്കാര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാറിലെ അനധികൃത കയ്യേറ്റം സ്വയം ഒഴിയുന്നതിനു സര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തിലാണു ഇന്ന് ബലമായ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :