ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി കുറുപ്പിന് പത്മവിഭൂഷണ്‍. അന്തരിച്ച ആയുര്‍വേദാചാര്യന്‍ രാഘവന്‍ തിരുമുല്‍പ്പാടിന് മരണാന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്കും. ജി ശങ്കര്‍, ആസാദ് മൂപ്പന്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്കാരം ലഭിക്കും. പത്മപുരസ്കാരങ്ങളുടെ പ്രഖ്യാപനം അല്പസമയത്തിനകം ഡല്‍ഹിയില്‍ നടക്കും. അതേസമയം, ഈ വര്‍ഷം ആര്‍ക്കും ഭാരതരത്നം പുരസ്കാരം നല്കേണ്ടതില്ലെന്നാന് സര്‍ക്കാരിന്‍റെ തീരുമാനം.
ആകെ പതിനഞ്ചോളം മലയാളികള്‍ക്കാണ് പത്മ പുരസ്കാരം ലഭിച്ചത്. സംവിധായകന്‍, ഷാജി എന്‍ കരുണ്‍, ഡോ മാര്‍ത്താണ്ഡ പിള്ള, ക്രിസ് ഗോപാലകൃഷ്ണന്‍, നടന്‍ ജയറാം, കലാമണ്ഡലം പവിത്രന്‍, മടവൂര്‍ വാസുദേവന്‍, ടി ജെ എസ് ജോര്‍ജ്, ഡോ ജോസ് ചാക്കോ പെരിയപ്പുറം എന്നിവരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതായാണ് സൂചന.
ഒ എന്‍ വി കുറുപ്പ്
പ്രശസ്ത കവിയും ഗനരചയിതാവുമായ ഒ എന്‍ വി കുറുപ്പിന് ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരവും ലഭിച്ചിരുന്നു. ഇതുകൂടി, പരിഗണിച്ചാണ് അദ്ദേഹത്തെ പത്മവിഭൂഷണ് തെരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു പുരസ്കാരം, വയലാര്‍ രാമവര്‍മ പുരസ്കാരം, പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്കാരം, വിശ്വദീപ പുരസ്കാരം, മഹാകവി ഉള്ളൂര്‍ പുരസ്കാരം, ആശാന്‍ പുരസ്കാരം, ആശാന്‍ പ്രൈസ് ഫോര്‍ പൊയട്രി, ഓടക്കുഴല്‍ പുരസ്കാരം എന്നീ പ്രമുഖ പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
രാഘവന്‍ തിരുമുല്‍പ്പാട്
അന്തരിച്ച ആയുര്‍വേദാചാര്യന്‍ രാഘവന്‍ തിരുമുല്‍പ്പാടിന് മരണാനന്തര ബഹുമതിയായാണ് പത്മഭൂഷണ്‍ പുരസ്കാരം നല്കുന്നത്. ആയുര്‍വേദത്തെ ചികിത്സാ ശാസ്ത്രത്തിനപ്പുറം ദര്‍ശനമാക്കി വളര്‍ത്തിയ ആചാര്യനായിരുന്നു തിരുമുല്‍പ്പാട്. ആയുര്‍വേദ കോളെജുകളിലൊന്നും പ്രൊഫസറാകാത്ത രാഘവന്‍ 1950ല്‍ ഒന്നാം റാങ്കോടെ വൈദ്യഭൂഷണ്‍ പരീക്ഷ പാസായി. ആയുര്‍വേദ പരിചയം, ആയുര്‍വേദ ദര്‍ശനം തുടങ്ങിയ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി.
ഷാജി എന്‍ കരുണ്‍
അന്തര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഷാജി എന്‍ കരുണ്‍. ഷാജി എന്‍ കരുണിന്‍റെ ‘കുട്ടിസ്രാങ്ക്’ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷാജിയുടെ, പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ ദേശീയ - അന്തര്‍ദ്ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.
ജയറാം
ചലച്ചിത്രരംഗത്തു കാലങ്ങളായി തിളങ്ങി നില്‍ക്കുന്ന പ്രശസ്ത നടനായ ജയറാമിന് പക്ഷേ ഇതുവരെ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പറയത്തക്ക രീതിയില്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടില്ല. ‘ശേഷം’ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ചില സ്വകാര്യ മാധ്യമങ്ങളുടെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സ്വയംവരപ്പന്തലിലെ അഭിനയത്തിന് സംസ്ഥാനതലത്തില്‍ മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെടുകയും തൂവല്‍ക്കൊട്ടാരത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടുകയും ചെയ്തിരുന്നു.
ജി ശങ്കര്‍
ശ്രദ്ധേയനായ ആര്‍ക്കിടെക്ട് ആണ് ജി ശങ്കര്‍. പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ചെലവു കുറഞ്ഞ വീടുകളുടെ നിര്‍മ്മാണത്തിലൂടെയാണ് ശങ്കര്‍ ശ്രദ്ധേയനായത്. തിരുവനന്തപുരത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഹാബിറ്റല്‍ ടെക്നോളജി ഗ്രൂപ്പ് അദ്ദേഹത്തിന്‍റേതാണ്. മികച്ച ആര്‍ക്കിടെക്ടിനുള്ള കേരള സര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ക്രിസ് ഗോപാലകൃഷ്ണന്‍
ഇന്‍ഫോസിസിന്‍റെ സ്ഥാപകരായ ഏഴുപേരിലൊരാള്‍. ഗ്ലോബല്‍ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഐ ടി സര്‍വ്വീസ് കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസിന്‍റെ പ്രസിഡന്‍റും സി ഇ ഒയുമാണ് ഇദ്ദേഹം.