ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപണത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡി ജി പി ജേക്കബ് പുന്നൂസിന് നിര്‍ദ്ദേശം നല്‍കി.
യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നീക്കം നടത്താന്‍ വി എസ് പൊലീസ് സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. ഐസ്‌ക്രീം കേസില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വി എസ് നടത്തിയ ഇടപെടലാണ് അന്വേഷണ പരിധിയില്‍ വരിക. ഡി ജി പിയ്ക്ക് വി എസ് നല്‍കിയ കത്തുകളും ഹാരജാക്കണം.
ഐസ്‌ക്രീം കേസില്‍ വി എസ് ഡി ജി പിയ്ക്ക് ശനിയാഴ്ച നോട്ടീസ് അയച്ചിരുന്നു. എ ഡി ജി പി വിന്‍സന്‍ എം പോള്‍ ഡല്‍ഹിയിലെത്തി അഭിഭാഷകന്‍ സുശീല്‍ കുമാറിനെ കണ്ട് ചര്‍ച്ച നടത്തണം എന്നാണ് ഇതില്‍ ആവശ്യപ്പെട്ടത്.
ഈ കേസുമായി ബന്ധപ്പെട്ട് വി എസ് ഡല്‍ഹിയിലെത്തി അഭിഭാഷകരായ ശാന്തിഭൂഷണ്‍, സുശീല്‍കുമാര്‍ എന്നിവരുടെ നിയമോപദേശം തേടിയിരുന്നു.