ഐസ്ക്രീം: ഇരകള്‍ക്ക് നല്‍കിയത് ഒരു കോടിയെന്ന് റൌഫ്

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഐസ്ക്രീം കേസിലെ ഇരകള്‍ക്ക്‌ പണം നല്‍കിയെന്ന കാര്യം ഉറപ്പാണെന്ന് കെ എ റൌഫ്‌. നാല്‍പ്പത് ലക്ഷമൊ അന്‍പത് ലക്ഷമൊ അല്ല, ഒരു കോടി രൂപയാണ് നല്‍കിയിട്ടുള്ളതെന്നും റൌഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ തുകയുടെ സ്രോതസ്‌ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരുമെന്നും റൌഫ് പറഞ്ഞു.

ഐസ്ക്രീം കേസ്‌ സംബന്ധിച്ച്‌ അന്വേഷണം തൃപ്‌തികരമായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ എന്തു സംഭവിച്ചുവെന്ന്‌ അറിയില്ല. പി കെ കുഞ്ഞാലിക്കുട്ടിയെ കേസുകളില്‍ നിന്നു രക്ഷിക്കാന്‍ എ ഡി ജി പി വിന്‍സന്‍ എം പോളും മറ്റും ശ്രമിക്കുന്നതായും റൗഫ്‌ ആരോപിച്ചു. ഐസ്ക്രീം കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചത്‌ സി ബി ഐയ്ക്ക്‌ വിടണമെന്ന് റൌഫ് ആവശ്യപ്പെട്ടു.

കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കിയെന്ന തന്റെ മുന്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. അന്വേഷണറിപ്പോര്‍ട്ടില്‍ ജഡ്ജിമാര്‍ക്കു പണം നല്‍കിയെന്നു കണ്ടെത്തിയിട്ടില്ലെങ്കിലും താന്‍ പറഞ്ഞതു സത്യമാണെന്നു തെളിയിക്കാന്‍ ജസ്റ്റിസ്‌ നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയെ നുണപരിശോധന പോലുള്ള ശാസ്‌ത്രീയ പരിശോധനയ്ക്കു വിധേയമാക്കണം. താനും പരിശോധനയ്ക്ക്‌ തയ്യാറാണ്‌. കുഞ്ഞാലിക്കുട്ടി തന്റെ വ്യവസായ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുകയാണെന്നും റൗഫ്‌ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :