ഏപ്രില്‍ 25 മുതല്‍ ജില്ലാതല ആരോഗ്യ അദാലത്ത് സംഘടിപ്പിക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എല്ലാ ജില്ലകളിലും ഏപ്രില്‍ 25 മുതല്‍ ആരോഗ്യ അദാലത്ത് സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍. കേരള അക്രഡിറ്റേഷന്‍ സ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (കെഎഎസ്എച്ച്) പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും സംസ്ഥാനതല അംഗീകാരപത്ര വിതരണവും തിരുവനന്തപുരം വിജെടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

ഓരോ ജില്ലയിലെയും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തങ്ങളുടെ പ്രദേശത്തെ ആശുപത്രികളെക്കുറിച്ചുള്ള പ്രശ്നങ്ങളും പരാതികളും അദാലത്തില്‍ നല്‍കാം. ഇതുവഴി അതത് ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരോ ജില്ലയിലെയും മികച്ച ഒരോ ആശുപത്രികള്‍ തെരഞ്ഞെടുത്ത് ദേശീയ അക്രഡിറ്റേഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും കേരള അക്രഡിറ്റേഷന്‍ സ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (കെഎഎസ്എച്ച്) എന്ന പദ്ധതിയില്‍ കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിവരുന്ന സൌജന്യ മരുന്ന് വിതരണം ജൂണ്‍, ജൂലായ് മാസത്തിനുള്ളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ കര്‍മ്മപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

മഴക്കാലരോഗങ്ങള്‍ പടരാതിരിക്കാന്‍ ഓരോ പ്രദേശത്തെയും പ്രശ്നം മനസിലാക്കി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ ബോധവത്ക്കരണം നടത്തുന്നതിനും രോഗപ്രതിരോധത്തിനുമായി കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സി എച്ച് സി മണമ്പൂര്‍, സി എച്ച് സി വെള്ളറട, പി എച്ച് സി ചെമ്മരുതി, പി എച്ച് സി മംഗലപുരം, പി എച്ച് സി അറക്കുളം, പി എച്ച് സി വട്ടിയൂര്‍ക്കാവ്, പി എച്ച് സി ചെങ്കല്‍ എന്നീ ആശുപത്രികള്‍ക്കുള്ള കെ എ എസ് എച്ച് സംസ്ഥാനതല അംഗീകാര പത്രവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആരോഗ്യ വകുപ്പിലെ പ്രോഗ്രാം മാനേജര്‍മാര്‍ക്കുള്ള പുരസ്ക്കാരവും ആരോഗ്യ വകുപ്പ് മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :