ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 95.47 ശതമാനം റെക്കോര്‍ഡ് വിജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചത്
4,42,608 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 94.17 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 14,802 പേര്‍ക്ക് എല്ലാവിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയം ശതമാനം കണ്ണൂര്‍ ജില്ലയിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. സംസ്ഥാനത്താകെ 281 സര്‍ക്കാര്‍ സ്‌കൂളുകളടക്കം 931 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി.
ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും സെന്ററുകള്‍ അടക്കം 2,815 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 4,64,310 വിദ്യാര്‍ഥികളുടെ ഫലമാണ് ഇന്നു പുറത്തുവന്നിരിക്കുന്നത്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു.
തുടര്‍ന്ന് ടാബുലേഷനും വെരിഫിക്കേഷന്‍ നടപടികളും കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാംപുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം. മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഭവന്റെ സെര്‍വറിലേക്ക് നേരിട്ട് മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയാണ് ഇത്തവണ സ്വീകരിച്ചത്.
ഒരു വിഷയത്തില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17വരെ നടക്കും. റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ ഫലം പുറത്തു വന്നത്. പരീക്ഷ അവസാനിച്ച് 25 ദിവസത്തിനുള്ളില്‍ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.