എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാല്‍ നടപടി: മുല്ലക്കര

തിരുവനന്തപുരം| WEBDUNIA|
പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന്‌ കൃഷിമന്ത്രി രത്നാകരന്‍ പറഞ്ഞു. കീടനാശിനിയുടെ ഉപയോഗം നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവിറക്കും. കീടനാശിനി വിരുദ്ധ ദിനമായ ഡിസംബര്‍ മൂന്നിന്‌ കാസര്‍കോട്‌ വെച്ച്‌ ഇത്‌ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാരകമായ കീടനാശിനി ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കണമെന്നും മുല്ലക്കര രത്നാകരന്‍ കോഴിക്കോട്‌ പറഞ്ഞു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രശ്നത്തെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോക്ടര്‍ എം എസ്‌ സ്വാമിനാഥനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമില്ല. നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും കൂടിയാലോചിച്ച ശേഷമേ രാജ്യത്തൊട്ടാകെ നിരോധനം സാധ്യമാകുകയുള്ളുവെന്നും ഡോ. സ്വാമിനാഥന്‍ കൊച്ചിയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :