എം ഐ ഷാനവാസുമായി ചര്‍ച്ച നടത്തി എന്ന് ജമാ‌അത്തെ ഇസ്ലാമി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് തങ്ങളെ വന്ന് കണ്ടിരുന്നു എന്ന് ജമാ‌അത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി ആരിഫലി. കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിനിധീകരിച്ചാണ് ഷാനവാസ് വന്നതെന്നും ആരിഫലി വ്യക്തമാക്കി.

ഇതോടെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജമാ‌അത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തുകയും തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുകയും ചെയ്തു എന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് തിരിച്ചടി നേരിടുകയാണ്. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നേതാക്കള്‍ വന്നു കണ്ടതായാണ് ആരിഫലി വെളിപ്പെടുത്തിയത്.

ജമാ‌അത്തെ ഇസ്ലാമി സി പി എമ്മിന് പിന്തുണ നല്‍കുന്നതിനെ വിമര്‍ശിക്കാനോ വിവാദമുണ്ടാക്കാനോ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് ആരിഫലി പറഞ്ഞു. ഒരിക്കല്‍ അകന്നു നിന്ന സംഘടനയുമായി അടുക്കരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ എന്ന ന്യായീകരണവും സി പി എം ബന്ധത്തിന് ആരിഫലി മുന്നോട്ടുവച്ചു.

എന്നാല്‍ പിന്തുണ തേടി താന്‍ ജമാ‍‌അത്തെ ഇസ്ലാമിയുടെ അടുത്ത് പോയിട്ടില്ലെന്ന് എം ഐ ഷാനവാസ് വ്യക്തമാക്കി. ജമാ‌അത്തെ ഇസ്ലാമിയിലെ പലരുമായും സൌഹൃദബന്ധമുണ്ട്, പല കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പിന്തുണ തേടലായിരുന്നില്ല. ഇപ്പോള്‍ പിണറായിയുമായുള്ള ബന്ധം പുറത്തായപ്പോള്‍ ജമാ‌അത്തെ ഇസ്ലാമി വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഷാനവാസ് പ്രതികരിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയ കാര്യം പിണറായി വിജയന്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ജമാ‌അത്തുകാരെ അങ്ങോട്ടുപോയി കണ്ടിട്ടില്ല. അവര്‍ ഇങ്ങോട്ടുവരികയായിരുന്നു. എന്നാല്‍ അതൊന്നും പിന്തുണ അറിയിക്കാനോ മറ്റ് സഹായം തേടലിനോ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന് കടപ്പാട്: മനോരമ ന്യൂസ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :