ഇടുക്കി|
M. RAJU|
Last Modified ബുധന്‍, 30 ഏപ്രില്‍ 2008 (10:56 IST)
പന്നിയാര്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു.
പന്നിയാര്‍ പവര്‍ ഹൌസിന് മുന്നില്‍ ഇന്ന് വൈകിട്ടുവരെയാണ് ഉപവാസം. രാജേന്ദ്രനോടൊപ്പം ദുരന്ത ബാധിതരായ 14 കുടുംബങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ ഉപവാസ സമരത്തോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ നാളെ മുതല്‍ സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 17ന് പെന്‍സ്റ്റോക് പൈപ്പ് പൊട്ടിയുണ്ടായ ജലപ്രവാഹത്തില്‍ ഇവിടത്തെ പതിനാല് കുടുംബങ്ങളുടെ സര്‍വ്വതും നഷ്ടപ്പെട്ടിരുന്നു. നിരവധി പൊതുപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദുരന്തബാധിതര്‍ക്ക് വെള്ളത്തൂവല്‍ പ്രദേശത്ത് താമസിക്കാന്‍ അനുമതി നല്കി.
പത്ത് ലക്ഷം രൂപയുടെ വരെ നഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് ഇതുവരെ ഒരു രൂപയുടെ പോലും നഷ്ടപരിഹാരം കിട്ടിയില്ല. വൈദ്യുതി ബോര്‍ഡും റവന്യൂ വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം. പ്രകൃതിക്ഷോഭമായി കണ്ട് റവന്യൂ വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് വൈദ്യുതി വകുപ്പ് ആവശ്യപ്പെടുന്നു.
എന്നാല്‍ കെ.എസ്.ഇ.ബിയുടെ വീഴ്ച മൂലമാണ് അപകടം ഉണ്ടായതെന്നും വൈദ്യുതി വകുപ്പാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും റവന്യൂ വകുപ്പും പറയുന്നു. നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി സി.പി.എം നടത്തുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഉപവാസ സമരം.