എ ഡി ബിയും വിദേശ നിക്ഷേപവും വാഗ്ദാനം: ബിജുവിന്റെയും സരിതയുടെയും കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
എ ഡി ബി വായ്പയെടുത്തു കൊടുക്കാമെന്നും വിദേശ നിക്ഷേപവും വാഗ്ദാനം ചെയ്ത് നായരും ബിജു രാധാകൃഷ്ണനും നടത്തിയ വന്‍തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സരിതയുടെയും ബിജുവിന്റെയും പൂര്‍വ്വകാല ചരിത്രം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് വായ്പയെടുത്തു കൊടുക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനെയാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും പറ്റിച്ചത്. നാലു ലക്ഷം രൂപ തട്ടിച്ച കേസിലെ പ്രതിപ്പട്ടികയില്‍ സരിത അഥവാ ലക്ഷ്മി നായര്‍ എന്നാണ് ബിജുവിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സ്ഥാപനമായ നബാര്‍ഡില്‍ നിന്ന് രണ്ടു കോടി രൂപ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശി അനില്‍ ദത്തില്‍ നിന്ന് ഇവര്‍ വാങ്ങിയത് 1,40,000 രൂപ. 2010 ജനുവരിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

2009 ഡിസംബറില്‍ മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിതയും ബിജുവും ചേര്‍ന്ന് തട്ടിയത് 40,20,000 രൂപയാണ്. സലിം കബീര്‍ എന്നയാളിന് 25 കോടി രൂപ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇപ്പോഴത്തെ പിആര്‍ഡി ഡയറക്ടര്‍ ഫിറോസ് ഈ കേസില്‍ സരിതയുടെയും ബിജുവിന്റെയും കൂട്ടുപ്രതിയാണ്. പൊന്‍മുടിയില്‍ കാറ്റാടിപ്പാടം നല്‍കാമെന്നു പറഞ്ഞ് മൂന്നു ലക്ഷം രൂപ തട്ടിച്ചുവെന്നു കാട്ടി ഫിറോസ് മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ തന്നെ സരിതയ്ക്കും ബിജുവിനുമെതിരെ 2010 ജനുവരിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

എസ് ബി ഐയില്‍നിന്നു വായ്പ വാങ്ങി നല്‍കാമെന്നു പറഞ്ഞ് അജയന്‍ എന്നയാളില്‍ നിന്ന് 3,10,000 രൂപ സരിതയും ബിജുവും തട്ടി. ചെങ്ങന്നൂരിലെ ഒലിവ് ഇന്റര്‍നാഷണല്‍ ഉടമ പുഷ്പരാജിനായിരുന്നു വിദേശ നിക്ഷേപ വാഗ്ദാനം. ഇതില്‍ 96,500 രൂപ പുഷ്പരാജിനു നഷ്ടമായി. തമിഴ്‌നാട്ടിലെ മുപ്പന്തലില്‍ കാറ്റാടിപ്പാടം നല്‍കാമെന്നു പറഞ്ഞ് അമ്പലപ്പുഴ സ്വദേശി നാരായണന്‍ നമ്പൂതിരിയുടെ 73,25,000 രൂപ തട്ടിയ സരിത-ബിജുമാര്‍ പീരുമേട്ടില്‍ കാറ്റാടിപ്പാടം നല്‍കാമെന്നു പറഞ്ഞ് വലിയതുറ സ്വദേശി അശോക് കുമാറിന്റെ 4,50,000 രൂപ അടിച്ചെടുത്തു. മൂന്നു കാറ്റാടിപ്പാടം വീതം നല്‍കാമെന്നു പറഞ്ഞ് രാജക്കാട് സ്വദേശികളായ ജിമ്മി കുര്യന്‍, ജോസഫ് എന്നിവരില്‍ നിന്ന് 24,25,000 രൂപയാണ് വാങ്ങിയത്. തൃക്കാക്കര സ്വദേശി രാജന്റെ വീട്ടില്‍ കാറ്റാടിപ്പാടം സ്ഥാപിച്ചു നല്‍കാമെന്നു പറഞ്ഞ് 1,58,000 രൂപ തട്ടിച്ചു.

ടീം സോളാര്‍ ഡീലര്‍ഷിപ്പ് നല്‍കാമെന്നു പറഞ്ഞ് എലത്തൂര്‍ സ്വദേശി വില്‍സണ്‍ സൈമണിന്റെ 12 ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ട കേസ് കോഴിക്കോട് വന്നത് 2011 ഏപ്രില്‍ 16ന്. 2009ന് ശേഷം സരിതയ്ക്കും ബിജുവിനുമെതിരെ തിരുവനന്തപുരം നഗരത്തില്‍ മാത്രം ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ നാലും കൊല്ലം, ഇടുക്കി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഓരോ കേസുമാണുള്ളത്. എഡിബിയുടെയും നബാര്‍ഡിന്റെയുമൊക്കെ വായ്പ ലഭിക്കാന്‍ ആര്‍ക്കാണ് അര്‍ഹതയെന്നു പോലും പരിശോധിക്കാതെയാണ് ഇരകള്‍ സരിതയ്ക്കും ബിജുവിനും വന്‍ തുകകള്‍ നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :