ഊണുകഴിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞു: വിഎസ്

കണ്ണൂര്‍| WEBDUNIA|
PRO
PRO
ഊണ് കഴിക്കുന്നത് വിലക്കിയെങ്കിലും വി എസ് അച്യുതാനന്ദന്‍ തന്റെ പ്രിയ സുഹൃത്തിനെ സന്ദര്‍ശിക്കുന്നത് പാര്‍ട്ടിക്ക് മുടക്കാനായില്ല, വി എസ് അവിടെ നിന്ന് ഇളനീര് കഴിക്കുകയും ചെയ്തു. കണ്ണൂര്‍ സന്ദര്‍ശനത്തിനെത്തിയ വി എസ് ഉച്ചയോടെയാണ് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഊണ് കഴിക്കുന്നില്ലെന്ന് വി എസ് പറഞ്ഞു. പാര്‍ട്ടി വിലക്ക് കാരണമാണ് ഊണ് കഴിക്കാത്തതെന്നും വി എസ് തുറന്നുപറഞ്ഞു. എന്നാല്‍ വെള്ളം കുടിച്ചുകൂടേ എന്ന് കുഞ്ഞനന്തന്‍ നായര്‍ ചോദിച്ചു. വെള്ളം കുടിക്കാം, അതിന് വിലക്കില്ലെന്നും വി എസ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഇളനീര്‍ കഴിക്കുകയായിരുന്നു.

വെള്ളിയാഴ്ചത്തെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ വി എസ് കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതറിഞ്ഞ കുഞ്ഞനന്തന്‍ നായര്‍ അദ്ദേഹത്തെ ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. പക്ഷേ വി എസ് ഉച്ചഭക്ഷണം കഴിക്കുന്നത് പാര്‍ട്ടി വിലക്കുകയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

വി എസും കുഞ്ഞനന്തന്‍ നായരും ഉറ്റ സുഹൃത്തുക്കളാണ്. മുമ്പ് വി എസ് കണ്ണൂരിലെത്തിയാല്‍ തങ്ങുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ ആയിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിക്ക് പുറത്തായി. പക്ഷേ ഇരുവരും തമ്മിലുള്ള സൌഹൃദത്തിന് ഒട്ടും കുറവ് വന്നില്ല. വി എസ് കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ എത്തിയപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ കാണാന്‍ പോയിരുന്നു. അദ്ദേഹം ആശുപത്രിയിലായിരിക്കുമ്പോഴായിരുന്നു വി എസിന്റെ സന്ദര്‍ശനം.

ഇത്തവണ വി എസിനെ സ്വീകരിക്കാന്‍ കുഞ്ഞനന്തന്‍ നായര്‍ വീട് മോടിപിടിപ്പിച്ചു. അദ്ദേഹത്തിന് ഉച്ചഭക്ഷണം ഒരുക്കി നല്‍കാനും തീരുമാനിച്ചു. എന്നാല്‍ പാര്‍ട്ടി പ്രദേശിക നേതൃത്വമാണ് ഇക്കാര്യത്തില്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത്. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വി എസ് കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഊണുകഴിച്ചാല്‍ പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയതയുണ്ടാവും എന്നാണ് ഊണുമുടക്കികള്‍ കണ്ടെത്തുന്ന ന്യായീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :