ഉമ്മന്‍‌ചാണ്ടി ആന്‍റണിയെ കണ്ടു, നഷ്ടം ഇടതുസര്‍ക്കാരിന്‍റെ കാലത്തെന്ന് വിശദീകരണം

ഉമ്മന്‍‌ചാണ്ടി, ആന്‍റണി, ചെന്നിത്തല, ടൈറ്റാനിയം, പി സി ജോര്‍ജ്ജ്
തിരുവനന്തപുരം| Last Updated: വ്യാഴം, 28 ഓഗസ്റ്റ് 2014 (22:05 IST)
ടൈറ്റാനിയം പൂട്ടാതിരിക്കാനാണ് മലിനീകരണപ്ലാന്‍റ് സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. നഷ്ടം സംഭവിച്ചത് ഇടതുമുന്നണിയുടെ ഭരണകാലത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത് സര്‍ക്കാര്‍ പദ്ധതി അകാരണമായി നീട്ടിക്കൊണ്ടുപോയി. ഈ കേസില്‍ വിജിലന്‍സ് തന്‍റെ മൊഴിയെടുത്തതാണ്. തീരുമാനമെടുത്തത് മന്ത്രിസഭയാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ഉമ്മന്‍‌ചാണ്ടി ഇതിനിടെ എ കെ ആന്‍റണിയുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തി. രണ്ടാമത്തെ കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടുനിന്നു. നേരത്തേ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ എ കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ടൈറ്റാനിയം അഴിമതിക്കേസില്‍ സത്യമെന്തെന്ന് തൊഴിലാളികള്‍ക്കറിയാമെന്ന് ഉമ്മന്‍‌ചാണ്ടി പ്രതികരിച്ചിരുന്നു. വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപ്പട്ടികയിലുണ്ട്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസ് തള്ളണമെന്ന വിജിലന്‍സിന്റെ അപേക്ഷ തള്ളിക്കൊണ്ട് കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഉമ്മന്‍ചാണ്ടിയടക്കം പന്ത്രണ്ട് പേര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ട്. നാലു മാസത്തിനുള്ളില്‍ ഇവര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരെയും കേസില്‍ പ്രതികളാക്കാന്‍ നിര്‍ദ്ദേശിച്ചു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,​ ആഭ്യന്തര മന്ത്രി രമേശ് എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ വിജിലന്‍സ് ഇരുവര്‍ക്കും അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

256 കോടി രൂപ മുടക്കി മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങളില്‍ അഴിമതി നടന്നുവെന്നാണ് ഹര്‍ജി. എന്നാല്‍ 80 കോടിയുടെ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളു എന്നും ഇത് ഉപകരണങ്ങള്‍ വിറ്റ് നികത്താവുന്നതേയുള്ളൂ എന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. വേണ്ടത്ര പഠനം നടത്താതെയാണ് ഉപകരണങ്ങള്‍ വാങ്ങിയതെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ മതിയാവൂ എന്ന് കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :