നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്തെ യു ഡി എഫ് നേതൃത്വം നയിക്കുന്ന കേരള മോചനയാത്രയ്ക്ക് പനിക്കിടക്കയില്‍ താല്‍ക്കാലിക വിശ്രമം. യാത്രാ ക്യാപ്റ്റനും പ്രതിപക്ഷനേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് കടുത്ത പനി പിടിപെട്ട സാഹചര്യത്തിലാണ് കേരളമോചനയാത്രയ്ക്ക് താല്‍ക്കാലിക വിശ്രമം അനുവദിച്ചിരിക്കുന്നത്.
കേരള മോചനയാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ചയാണ് കടുത്തപനിയും ശ്വാസകോശത്തിലെ അണുബാധയും മൂലം ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി പനിയുണ്ടെങ്കിലും ആശുപത്രിയില്‍ പോകാതെ മരുന്നുകഴിച്ച് പര്യടനം തുടരുകയായിരുന്നു.
വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ തീര്‍ത്തും അവശനായിരുന്നു. തുടര്‍ന്ന്, രാത്രി ഡോക്ടറെത്തി പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പര്യടനം തുടരാന്‍ തീരുമാനിച്ചെങ്കിലും രാവിലെ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആശുപത്രിയില്‍ പോവുകയായിരുന്നു.
മരുന്നിന്റെ ഫലം വേഗം ലഭിക്കാന്‍ ഡ്രിപ്പായി നല്‍കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. ഇതിനായി ഒന്നേകാല്‍ മണിക്കൂര്‍ ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ കിടന്നു. ഇന്നലെ രാവിലെ പരിശോധിച്ചപ്പോഴാണ് ശ്വാസകോശത്തില്‍ അണുബാധകണ്ടത്.