ഉപരോധ സമരം അവസാനിപ്പിച്ചതില്‍ വി‌എസിന് അതൃപ്തി; ‘ സമരം അവസാനിപ്പിച്ച രീതി ശരിയായില്ല’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം പെട്ടെന്ന് അവസാനിപ്പിച്ചതില്‍ വി‌എസിന് അതൃപ്തി. സമരം അവസാനിപ്പിച്ച രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതാക്കളെ അറിയിച്ചു. ആവേശകരമായി തുടങ്ങിയ സമരം പെട്ടെന്ന് അവസാനിപ്പിച്ചത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഈ ആശയക്കുഴപ്പം ഒഴിവാക്കേണ്ടതായിരുന്നു. പി ബി കമ്മീഷന്‍ കേരളത്തില്‍ എത്തി വിശദമായി തെളിവെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയോഗത്തിന് മുന്നോടിയായാണ് കേന്ദ്ര നേതാക്കളുമായി വിഎസ് ചര്‍ച്ച നടത്തിയത്.

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ പി ബി കമ്മീഷന്‍ രൂപീകരിച്ച തീരുമാനം മാറ്റേണ്ടതില്ലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോയിലെ ധാരണ. അംഗങ്ങളുടെ സൗകര്യമനുസരിച്ച് സന്ദര്‍ശന തീയതി നിശ്ചയിക്കും. സോളാര്‍ വിഷയത്തില്‍ തുടര്‍ സമരങ്ങളുമായി മുന്നോട്ടു പോകാനും പൊളിറ്റ് ബ്യൂറോയില്‍ തീരുമാനമായി.

ആറംഗ പിബി കമ്മീഷന്‍ കേരളത്തിലെത്തുന്നത് വൈകിയേക്കും. ആഗസ്ത് ഒന്നു മുതല്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം സോളാര്‍ സമരങ്ങളില്‍ നിന്ന് ശ്രദ്ധ മാറാതിരിക്കാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. പുതിയ തിയ്യതി സംബന്ധിച്ച് പിബി ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല. അംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ച് കേന്ദ്രകമ്മിറ്റി യോഗത്തിനിടെ തിയ്യതി നിശ്ചയിക്കും.

സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് ഉപരോധം അഭിമാനകരമായ വിജയമാണെന്ന് പിബി വിലയിരുത്തി. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമരം എങ്ങനെ തുടരണമെന്ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കും. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്നും അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച വേണ്ടെന്നുമാണ് പൊതുധാരണ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :