ഉപതെരഞ്ഞെടുപ്പ്‌: യു‌ഡി‌എഫ് തൂത്തുവാരി

WEBDUNIA|
PRO
തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ നേട്ടം. ഫലമറിഞ്ഞ 12 സീറ്റുകളില്‍ എട്ടിലും യുഡിഎഫ്‌ വിജയിച്ചു. മാവേലിക്കര നഗരസഭയില്‍ കോണ്‍ഗ്രസ്‌ വിമതനാണ്‌ ജയം. ഉപതെരഞ്ഞെടുപ്പ്‌ ഫലത്തോടെ കൊല്ലം ക്ലാപ്പന ഗ്രാമ പഞ്ചായത്ത്‌ , തൃശൂര്‍ തെക്കുംകര ഗ്രാമ പഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ ഭരണമാറ്റമുണ്ടാകും.

മലബാറില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ സീറ്റുകളും യുഡിഎഫ്‌ നേടി. കണ്ണൂര്‍ ആറളം പഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ലിസി ജോണ്‍ 133 വോട്ടിന്‌ ജയിച്ചപ്പോള്‍ കരിയാട്‌ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ഹസീന പുറാല്‍ 320 വോട്ടിന്‌ വിജയിച്ചു. കാസര്‍കോട്‌ മഞ്ചേശ്വരം പഞ്ചായത്തിലെ കടപ്പുറം വാര്‍ഡില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി മുസ്ലിം ലിഗീലെ നജ്മ മുസ്തഫ 186 വോട്ടിന്‌ ജയിച്ചു.

മലപ്പുറം പുറത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി രാജന്‍ കരയങ്ങല്‍ 440 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ വിജയിച്ചു. പാലക്കാട്‌ പുതൂര്‍ പഞ്ചായത്തിലെ തൊടുക്കി വാര്‍ഡ്‌ യുഡിഎഫ്‌ നിലനിര്‍ത്തി. ഇവിടെ യുഡിഎഫിലെ ടി.എസ്‌. മുരുകന്‍ 144 വോട്ടുകള്‍ക്ക്‌ വിജയിച്ചു. കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജി ബിജു 130 വോട്ടിന്‌ വിജയിച്ചു. തിരുവനന്തപുരം കോട്ടുകാല്‍ പഞ്ചായത്തിലെ ചൊവ്വര വാര്‍ഡില്‍ യുഡിഎഫിലെ തുളസീഭായി പ്രഭാകരന്‍ 50 വോട്ടുകള്‍ക്ക്‌ വിജയിച്ചപ്പോള്‍ എറണാകുളം തൃപ്പൂണിത്തുറ നഗരസഭാ 41 ാ‍ം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി പി. രാജീവ്‌ വിജയിച്ചു.

കോട്ടയം പള്ളം ബ്ലോക്ക്‌ പഞ്ചായത്തിലെ കുഴിമറ്റം ഡിവിഷനില്‍ സിപിഎമ്മിലെ സിനി സുരേഷ്‌ 682 വോട്ടുകള്‍ക്ക്‌ വിജയിച്ചു. വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പിരപ്പന്‍കോട്‌ ഡിവിഷനില്‍ എല്‍ഡിഎഫിലെ കെ സജീവന്‍ 1459 വോട്ടിന്‌ വിജയിച്ചു. മാവേലിക്കര നഗരസഭ പതിനൊന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ്‌ വിമതനായി മല്‍സരിച്ച പി ഗുരുലാല്‍ 58 വോട്ടിന്‌ വിജയിച്ചു. തൃശൂര്‍ തളിക്കുളം പഞ്ചായത്തിലെ പുതുക്കുളങ്ങര വാര്‍ഡില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സിപിഎമ്മിലെ റസിയ റിയാദ്‌ 66 വോട്ടിന്‌ വിജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :