തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 20 ഫെബ്രുവരി 2009 (09:14 IST)
ആഗോള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെയും ഗുരുതരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. സാമ്പത്തികമാന്ദ്യം നേരിടാന്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കുമെന്നാണ് അറിയുന്നത്.
നികുതി രംഗത്ത് വലിയ ഇളവുകളും മാറ്റങ്ങളുമുണ്ടാകാനുള്ള സാധ്യത കുറവാണ്. വില്‍പ്പനനികുതിയിലും വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ടൂറിസം മേഖലയില്‍ നേരിയ ഇളവുകള്‍ക്ക് സാധ്യത കാണുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ നികുതിവര്‍ദ്ധനവുകള്‍ക്ക് സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ല.
മലബാര്‍ മേഖലയ്ക്കുള്ള പാക്കേജാണ് ബജറ്റില്‍ ഏറ്റവും അധികം പ്രതീക്ഷിക്കപ്പെടുന്ന ഒരു കാര്യം. അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടുന്ന തുകയില്‍ നല്ലൊരു ഭാഗം മലബാര്‍ ജില്ലകളുടെ വികസനത്തിനായി നിക്കിവയ്ക്കുമെന്നാണ് സൂചന. മറ്റൊന്ന്, വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവര്‍ക്കായുള്ള പാക്കേജാണ്. ജോലിയില്ലാതെ മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കാനുള്ള നടപടികള്‍ ബജറ്റില്‍ കൈക്കൊള്ളുമെന്ന് തോമസ് ഐസക് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പൊതു പദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ കൊടുത്തേക്കും. കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളത്തിനുള്ള സ്ഥലമെടുപ്പ്, വിഴിഞ്ഞം തുറമുഖ പദ്ധതി, കാസര്‍കോഡു നിന്ന് തിരുവനന്തപുരം വരെ 60 മീറ്റര്‍ വീതിയിലുള്ള ആറു വരിപ്പാത തുടങ്ങിയവയ്ക്ക് സ്വകാര്യപങ്കാളിത്തത്തോടെയുള്ള പൊതുപദ്ധതി സഹായകമാകും.
നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനുളള ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കാനും ഇത്തവണത്തെ ബജറ്റില്‍ സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യ മേഖലയില്‍ ആയിരം കോടിയോളം രൂപ ചെലവിടാനുള്ള പദ്ധതികള്‍ ബജറ്റില്‍ ഉണ്ടായേക്കും.
തന്‍റെ മൂന്നാമത്തെ ബജറ്റാണ് തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുക.