ഇന്ന് മഹാനവമി, ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്

കൊല്ലൂര്‍| WEBDUNIA| Last Modified ശനി, 16 ഒക്‌ടോബര്‍ 2010 (11:26 IST)
ഇന്ന് മഹാനവമി. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ മഹാനവമി, വിജയദശമി ആഘോഷങ്ങളോട് അനുബന്ധിച്ച് വന്‍ ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളിലെ മുഖ്യചടങ്ങായ രഥോത്സവം ഇന്ന് രാത്രി നടക്കും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ മഹാനവമി ദിനത്തില്‍ കൊല്ലൂരില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്‌. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്‌. വൈകിട്ട്‌ ആറുമണിയോടെ ദേവിയുടെ രഥാരോഹണം നടക്കും. തുടര്‍ന്നാണ്‌ രഥോല്‍സവം. ദേവീ വിഗ്രഹം വഹിച്ചുകൊണ്ടുള്ള പുഷ്പരഥം രഥവീഥിയില്‍ പ്രദക്ഷിണം വയ്ക്കുന്നതാണ്‌ ചടങ്ങ്‌.

മുഖ്യതന്ത്രി മഞ്ജുനാഥ അഡിഗയുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍. അത്താഴ പൂജയ്ക്കുശേഷം നടയടയ്ക്കും. വിജയദശമി ദിനമായ ഞായറാഴ്ച പുലര്‍ച്ചെ നാലിനു നടതുറക്കുന്നതോടെ എഴുത്തിനിരുത്തും തുടങ്ങും. വിദ്യാരംഭ ചടങ്ങുകള്‍ക്കുശേഷം പുത്തരി നിവേദ്യ സമര്‍പ്പണമായ നവാന്നപ്രവേശം നടക്കും.

കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തരാണ് പ്രധാനമായും കൊല്ലൂരിലെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :