ഇന്നസെന്റ് ചേട്ടാ... നിങ്ങള്‍ക്കിത് എന്തു പറ്റി? ദയവു ചെയ്ത് ഇനിയും പൊട്ടന്‍ കളിക്കരുത്; ആഞ്ഞടിച്ച് വിനയന്‍

‘അമ്മ‘യെപറ്റി ഒരക്ഷരം എങ്കിലും പറഞ്ഞാന്‍ ഇനിയും വിലക്കുമെന്ന് വിനയനോട് മുകേഷ്!

aparna| Last Modified വ്യാഴം, 6 ജൂലൈ 2017 (10:05 IST)
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. എല്ലായിടത്തും കോമഡി കളിച്ച് രക്ഷപെടാന്‍ കഴിയില്ലെന്ന് ഓര്‍മ വേണമെന്നും ഇന്നസെന്റിനോട് വിനയന്‍ ഓര്‍മിപ്പിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയന്‍ ഇക്കാര്യമെല്ലാം പറയുന്നത്.

മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പറഞ്ഞെന്ന് വെച്ച് മുകേഷിനെ പോലുള്ളവരെ വിട്ട് ഭീഷണിപ്പെടുത്തരുതെന്നും വിനയന്‍ പറയുന്നുണ്ട്. ‘അമ്മയേപ്പറ്റി‘ അക്ഷരം മിണ്ടിയാല്‍ വീണ്ടും വിലക്കുമെന്ന് മുകേഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറല്‍ ബോഡിയില്‍ വെച്ച് പറഞ്ഞതെന്നും വിനയന്‍ വ്യക്തമാക്കുന്നുണ്ട്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീമാന്‍ ഇന്നസെന്റ് ചേട്ടന്‍, ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ പ്രസ്ഥാവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്കാരിക കേരളത്തെ മലീമസമാക്കാന്‍ നിങ്ങള്‍ക്കിതെന്തു പറ്റീ. സിനിമാ രംഗത്തേ വൃത്തികേടുകളും അപജയങ്ങളും, തുറന്നു പറയാന്‍ തയ്യാറായപെണ്‍കുട്ടികളെ താങ്കള്‍ ആവര്‍ത്തിച്ച് അപമാനിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗല്‍ഭരായ നടിമാരില്‍ ഒരാളായ പാര്‍വ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണ്.

ഏതെങ്കിലും നടിക്ക് അങ്ങനെ കിടക്ക പങ്കിടേണ്ടി വരുന്നെങ്കില്‍ അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താങ്കള്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല ചാലക്കുടിയിലേ പാര്‍ലമെന്റിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോര്‍ത്താല്‍ കൊള്ളാം. അന്തരിച്ച മഹാനായ സാസ്കാരിക നായകന്‍ സുകുമാര്‍അഴീക്കോട് താങ്കളുടെ ഇന്നസെന്റെന്ന പേരിനേ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല. അതു താങ്കള്‍ അന്വര്‍ത്ഥമാക്കരുത്. ദയവു ചെയ്ത് ഇനിയും പൊട്ടന്‍ കളിക്കരുത്.

ഒന്‍പതു വര്‍ഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാന്‍ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്കളങ്കനായി പറഞ്ഞ ഇന്നസെന്റു ചേട്ടനേ ഞാനിപ്പോള്‍ ഓര്‍ത്തുപോകുന്നു. കോംപറ്റീഷന്‍ കമ്മീഷര്‍ ഓഫ് ഇന്ത്യ ഫൈന്‍ അടിക്കുന്നതു വരെ താങ്കള്‍ക്ക് അതൊന്നും മനസ്സിലായിരുന്നില്ല. എന്റെ മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറഞ്ഞെന്നേയുള്ളു. ഇതിനിനി... മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നേ വിരട്ടരുത്. അമ്മയേപ്പറ്റി അക്ഷരം മിണ്ടിയാല്‍ വീണ്ടും വിലക്കുമെന്ന് മൂകെഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറല്‍ ബോഡിയില്‍ പറഞ്ഞത്. ഇന്നസെന്റു ചേട്ടനെ കൂടുതല്‍ എഴുതി ഞാന്‍ വിഷമിപ്പിക്കുന്നില്ല. കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാന്‍ കഴിയില്ലാ എന്നു താങ്കള്‍ ഓര്‍ക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :