ഇന്ദു മരിച്ച ദിവസം സുഭാഷ് പെണ്ണുകാണാന്‍ പോയി!

തിരുവനന്തപുരം| WEBDUNIA|
PRO
ഗവേഷകയായ ഇന്ദു ട്രെയിനില്‍ നിന്ന് പെരിയാറില്‍ വീണുമരിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ഇന്ദുവുമൊത്ത് ട്രെയിനില്‍ കയറിയ അന്നു രാവിലെ താന്‍ പെണ്ണുകാണല്‍ ചടങ്ങിന് പോയിരുന്നതായാണ് സുഭാഷിന്‍റെ പുതിയ വെളിപ്പെടുത്തല്‍. സുഭാഷിനൊപ്പം ഒരു സുഹൃത്തും ഈ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

പെണ്ണുകാണല്‍ ചടങ്ങിന് ശേഷം മടങ്ങിയെത്തിയ സുഭാഷ് ഇന്ദുവിനെയും കൂട്ടി കോഴിക്കോട്ടേക്ക് ട്രെയിന്‍ കയറുകയായിരുന്നു. ഈ പെണ്ണുകാണല്‍ ചടങ്ങിന്‍റെ കാര്യം ആദ്യത്തെ ചോദ്യം ചെയ്യലുകളിലൊന്നും സുഭാഷ് പറഞ്ഞിരുന്നില്ല. പലതവണയായുള്ള ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലാണ് ഈ വിവരം സുഭാഷ് വെളിപ്പെടുത്തിയത്.

ഇന്ദു മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ദുവിന്‍റെ മരണം ആത്മഹത്യയാണെന്ന് ആദ്യം നിഗമനത്തിലെത്തിയ പൊലീസ് ഇപ്പോള്‍ അങ്ങനെ ഉറപ്പിച്ചു പറയുന്നില്ല. ഈ മരണം ഒരു കൊലപാതകമാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ഇന്ദു പെരിയാറിലേക്ക് വീഴാന്‍ മൂന്ന് സാധ്യതകളാണുള്ളത്.

1. അബദ്ധത്തില്‍ കാല്‍ വഴുതിയോ, കാറ്റിന്‍റെ സമ്മര്‍ദ്ദത്താലോ തെറിച്ച് പുറത്തേക്ക് വീഴുക.

2. ചെയ്യാനുറച്ച് പെരിയാറിലേക്ക് ചാടുക.

3. ആരെങ്കിലും തള്ളിയിടുക.

ഇന്ദു അബദ്ധത്തില്‍ വീഴാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യാറുള്ള ഇന്ദു, അതും എ സി കോച്ചില്‍ നിന്ന് വീഴുക എന്നതിന് ഒരു ശതമാനം സാധ്യത മാത്രമാണുള്ളത്. ആത്മഹത്യയോ കൊലപാതകമോ എന്നാണ് ഇനി അറിയാനുള്ളത്. ഇന്ദുവിനൊപ്പം സുഭാഷും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്നും ഇന്ദു ചാടിയ ശേഷം സുഭാഷ് ഒന്നുമറിയാത്തതുപോലെ ബര്‍ത്തില്‍ വന്നു കിടന്നതാകാമെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

രണ്ടുപേരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ശേഷം വാതില്‍ക്കലെത്തിയ ഇന്ദുവിനെ സുഭാഷ് തള്ളിയിട്ടതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതല്ല, തീരുമാനിച്ചുറച്ച് പെരിയാറിലേക്ക് ഇന്ദു എടുത്തുചാടുകയായിരുന്നോ എന്നതും അന്വേഷിക്കുന്നു.

മേയ് 16ന് ഇന്ദുവിന്‍റെ വിവാഹം നടക്കാനിരുന്നതാണ്. അതിനു മുമ്പ് ഒരു തീരുമാനമെടുക്കണമെന്ന് സുഭാഷ് ഇന്ദുവിനെ നിര്‍ബന്ധിച്ചിരുന്നതായി സൂചനയുണ്ട്. സംഭവദിവസം രാവിലെ പെണ്ണുകാണാന്‍ പോയതും സുഭാഷിന്‍റെ ഒരു സമ്മര്‍ദ്ദതന്ത്രമായിരുന്നോ എന്നാണ് അറിയാനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :