ഇത് നിയോഗമെന്ന് വയലാര്‍ രവി

ന്യൂഡല്‍ഹി| WEBDUNIA|
PRO
വ്യോമയാന മന്ത്രിയായി തിരുവനന്തപുരം വിമാനത്താവള ടെര്‍മിനലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് നിയോഗമെന്ന് വയലാര്‍ രവി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വ്യോമയാനമന്ത്രിയായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയര്‍ ഇന്ത്യയുടെ പുനരുദ്ധാരണത്തിന് മുന്‍ഗണന നല്‍കും. ഇക്കാര്യത്തില്‍ എല്ലാ യൂണിയനുകളും സഹകരിക്കണം.

രാജ്യത്തെ വ്യോമയാന രംഗത്ത് പുരോഗമനപരമായ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നയാളാണ് തന്റെ മുന്‍ഗാമിയായ പ്രഫുല്‍ പട്ടേല്‍. അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങള്‍ തന്നെയാവും താന്‍ തുടരുകയെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയും സര്‍വീസുകളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്‌തെങ്കില്‍ മാത്രമേ എയര്‍ ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അടിയന്തര പ്രാധാന്യം നല്‍കേണ്ട വിഷയവും ഇതുതന്നെയാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോര്‍പ്പറേറ്റ് മേധാവികളുടെയും ഓഹരിയുടമകളുടെയും യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍ വയലാര്‍ രവി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ മുമ്പ് രംഗത്തു വന്നിരുന്നു. അടുത്ത മാസം താന്‍ പ്രധാനമന്ത്രിക്കൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :