ഇടുക്കി സീറ്റിന്റെ പേരില്‍ വിലപേശല്‍ ഉണ്ടായിട്ടില്ലെന്ന് കെ എം മാണി

കോട്ടയം| WEBDUNIA|
PRO
PRO
ഇടുക്കി സീറ്റിന്റെ പേരില്‍ വിലപേശല്‍ നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. ഇടുക്കി സീറ്റിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് മുന്നണിക്കു വേണ്ടി ത്യാഗം ചെയ്യുകയായിരുന്നു. സീറ്റിനു വേണ്ടി അങ്ങേയറ്റം പോരാട്ടം നടത്തി. മുന്നണി വിടുന്ന ഘട്ടം വരെയെത്തി. എന്നാല്‍ മുന്നണിയെ സംരക്ഷിക്കേണ്ടതിനാല്‍ അവസാനം വിട്ടുവീഴ്ചയ്ക്കു തയ്യാറാവുകയായിരുന്നു. അതിനെ ദൗര്‍ബല്യമായി കാണരുത്. കേരള കോണ്‍ഗ്രസ് ലക്ഷ്മണരേഖ ലംഘിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുന്‍പേ ഇടതുപക്ഷം തോല്‍വി സമ്മതിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് എല്‍ഡിഎഫിന്റെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥികളെ തന്നെ കിട്ടാനില്ലാത്ത അവസ്ഥയിലാണ്. സ്വതന്ത്രരെ നിര്‍ത്തേണ്ട അവസ്ഥയിലാണ്. കോട്ടയത്ത് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ സിപിഎമ്മിന് പിന്‍വലിക്കേണ്ടിവന്നു. മറ്റൊരു കക്ഷിക്ക് സീറ്റ് കെട്ടിവച്ചുനല്‍കി.

വിഎസിന്റെ വാക്കുകള്‍ക്ക് വിലയില്ലാതായി. ടിപി കേസിലും ലാവ്‌ലിന്‍ കേസിലും പഴയ നിലപാടുകളില്‍ നിന്ന് വിഎസ് പിന്നോട്ടുപോയി. യുഡിഎഫിനെ പ്രതിരോധിക്കാന്‍ പോലും വിഎസിനു കഴിയുന്നില്ല. വിഎസ് പാര്‍ട്ടിക്കൊപ്പം നില്‍ക്കട്ടെ. വിഎസ് പാര്‍ട്ടിക്കു വിരുദ്ധനാകരുതെന്നാണ് തനിക്കു പറയാനുള്ളതെന്നും മാണി പറഞ്ഞു.

കേന്ദ്രത്തില്‍ മൂന്നാം ബദല്‍ എന്നൊന്നില്ല. ഇപ്പോഴേ പ്രധാനമന്ത്രിയെ ചൊല്ലി തര്‍ക്കം തുടങ്ങി. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കുകയാണെന്ന് മാണി പരിഹസിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :