ഇടുക്കി രാജാക്കാടിന് സമീപം തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. ഏഴ് വിദ്യാര്‍ത്ഥികളും ബസിലെ ക്ലീനറുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. കണ്ണൂര്‍ സ്വദേശി മഞ്ജു ബാലകൃഷ്ണന്‍, കരുനാഗപ്പള്ളി സ്വദേശി ശ്രീജേഷ്, എറണാകുളം സ്വദേശികളായ വിഘ്നേഷ്, ശരത്ചന്ദ്രന്‍ , ഷൈജു, തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി ജിബിന്‍, കൊല്ലം സ്വദേശി ഹേമന്ദ്, ബസിന്റെ ക്ലീനര്‍ കഴക്കൂട്ടം സ്വദേശി രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. തിരുവനന്തപുരം വെള്ളനാട് വിക്രം സാരാഭായ് കോളേജിലെ അവസാന വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്‍. അമ്പതോളം പേരാണ് ബസ്സിലുണ്ടായത്.
രാജാക്കാടു നിന്ന് മൂന്നാറിലേയ്ക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം 60 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. നാല്‍പ്പത്തിയഞ്ചുപേരടങ്ങുന്ന സംഘം മൂന്നു ദിവസം മുന്‍പാണ് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്.
മരിച്ചവരില്‍ 3 പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും 3 പേരുടെ മൃതദേഹങ്ങള്‍ രാജാക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റവരെ എറണാകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷനിലെ വിദ്യാര്‍ത്ഥികള്‍ ആണ് വിനോദയാത്രയ്ക്കെത്തിയത്. 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളും ആണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം കോളജിന്റെ അറിവോടെയല്ല വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയതെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷാ നടക്കാനിരിക്കുകയാണെന്നും ഇപ്പോള്‍ കോളജിന് അവധിയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞത്. സംഘത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ആരോക്കെയാണെന്ന് അറിയില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അടിമാലിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 04864 222145, 9497990054 എന്ന നമ്പറില്‍ ബന്ധപ്പെടാം.