വി എ സ് അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കര്‍ശന നയങ്ങളുടെ ""സൂപ്പര്‍ ഇമേജിലാണ് ''
സ്മാര്‍ട്ട് സിറ്റി കരാര്‍ പ്രാബല്യത്തിലാക്കിയതും മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെടുത്ത അചഞ്ചലമായ തീരുമാനവും മന്ത്രി സഭ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കുന്നു.
കടക്കെണിയില്‍ പെട്ട കര്‍ഷക കുടുംബങ്ങള്‍ക്കായി കാര്‍ഷിക കടാശ്വാസ കമ്മീഷന്‍, അസംഘടിത തൊഴില്‍ മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മന്‍റ് ആക്ട് എന്നിവ ഭരണ നേട്ടമായി തന്നെ കരുതാം.
തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ രാജ്യാന്തര ടെര്‍മിനല്‍, തിരുവനന്തപുരം-കൊച്ചു വേളി റയില്‍വെ സ്റ്റേഷന്‍ നവീകരണം, ചേര്‍ത്തലയിലെ റയില്‍വെ നിര്‍മ്മാണ ശാല എന്നിവയെല്ലാം ആദ്യ വര്‍ഷത്തില്‍ തന്നെ സര്‍ക്കാര്‍ നേടിയെടുത്ത വികസന പ്രവര്‍ത്തനങ്ങളാണ്.
എന്നാല്‍, കോടതികളില്‍ നിന്നേറ്റ പരാജയം സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. സ്വാശ്രയ നിയമ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ കാണിച്ച തിരക്ക് ഫലപ്രാപ്തിക്ക് തടസ്സമായി. പാലൊളി മുഹമ്മദ്കുട്ടി കോടതിയെക്കുറിച്ച് നടത്തിയ പരാമര്‍ശവും തുടര്‍ന്നുള്ള കോടതി നടപടികളും ദേശീയ ശ്രദ്ധനേടി.
ആരോഗ്യ രംഗത്ത് ഉണ്ടായ പ്രശ്നങ്ങള്‍ സമയാസമയങ്ങളില്‍ പരിഹരിക്കാന്‍ സാധിച്ചില്ല എന്നും സര്‍ക്കാരിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ നില നില്‍ക്കുന്നു. എസ് എ ടി ആശുപത്രിയില്‍ നടന്ന ശിശുമരണങ്ങളാണ് ആരോഗ്യ വകുപ്പിന് അവസാനം ഏറ്റ തിരിച്ചടി.
എ ഡി ബിയില്‍ നിന്ന് 1400കോടിയുടെ വായ്പ എടുക്കാന്‍ തീരുമാനിച്ചതും സ്മാര്‍ട്ട് സിറ്റിയും പ്രതിപക്ഷത്തിന് ലഭിച്ച മുഖ്യ വിമര്‍ശനായുധങ്ങളാണ്. എ ഡി ബി കരാര്‍ യു ഡി എഫ് കാലത്തെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് നടപ്പിലാക്കിയതെന്നും സ്മാര്‍ട്ട് സിറ്റി കരാറില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.