ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം

ആലപ്പുഴ| WEBDUNIA|
ജില്ലയില്‍ വെള്ളിയാഴ്ച കടല്‍ക്ഷോഭമുണ്ടായി. അന്ധകാരനഴി, തോട്ടപ്പള്ളി, പുറക്കാട് എന്നിവിടങ്ങളിലാണ് രൂക്ഷമായ കട ല്‍ക്ഷോഭമുണ്ടായത്. നൂറോളം വീടുകളില്‍ വെള്ളം കയറി.

വ്യാഴാഴ്ചയും ആലപ്പുഴ ജില്ലയിലെ തീര പ്രദേശങ്ങളില്‍ കടല്‍ക്ഷോഭമുണ്ടായിരുന്നു. സുനാമി ബാധിത പ്രദേശങ്ങളായ ആറാട്ടുപുഴ പഞ്ചായത്തിലെ തറയില്‍ക്കടവ്, പെരുമ്പള്ളി എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കടല്‍ഭിത്തി ഇല്ലാത്ത ഇവിടെ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശ റോഡ് ഭാഗികമായി തകര്‍ന്നു.

ആറാട്ടുപുഴ - തൃക്കുന്നത്തുപുഴ തീരദേശപാതയില്‍ വ്യാഴാഴ്ച മുതല്‍ ഗതഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തൃക്കുന്നപ്പുഴ പഞ്ചായത്തി ലെ ചേലക്കര ക്ഷേത്രത്തിന് സമീപമുള്ള നൂറോളം വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തോട്ടപ്പള്ളി മുതല്‍ നീര്‍ക്കുന്നം വരെയുള്ള പ്രദേശങ്ങളില്‍ കടല്‍വെള്ളം കരയിലേക്ക് അടിച്ചുകയറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉണ്ടായതിനേക്കാള്‍ രൂക്ഷമായ കടല്‍ ക്ഷോഭമാണ് ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. നീര്‍ക്കുന്നം, വണ്ടാനം എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ അമ്പലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ചേര്‍ത്തലയിലും കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. ഇവിടെ കഴിഞ്ഞ ദിവസം കടല്‍ ക്ഷോഭമുണ്ടായിരുന്നില്ല.

കൊല്ലം ജില്ലയുടെ തീരദേശപ്രദേശങ്ങളിലും കടല്‍ക്ഷോഭമുണ്ടായി. ആലപ്പട്, അഴീക്കല്‍, ചെറിയഴീക്കല്‍, പരവൂര്‍, താന്നി, ലക്ഷ്മിപുരം തോപ്പ് എന്നിവിടങ്ങളിലാണ് കടല്‍ കയറിയത്. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. മുക്കം ഭാഗത്ത് പൊഴി മുറിഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :