ആലപ്പുഴയില്‍ 2079 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

ആലപ്പുഴ| M. RAJU| Last Modified ചൊവ്വ, 29 ജൂലൈ 2008 (12:17 IST)
ആലപ്പുഴ ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. കാലവര്‍ഷ കെടുതി മൂലം 2079 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 37 ലക്ഷം രൂപയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായത്.

കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലായി 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കടല്‍ക്ഷോഭത്തിലും കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടങ്ങളെത്തുടര്‍ന്ന് വീടുകളില്‍ കഴിയാനാവാതെ വന്ന 2079 കുടുംബങ്ങളില്‍ നിന്നുമുള്ള 8508 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

മാവേലിക്കര, വിയ്യപുരം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലായി പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാലവര്‍ഷ കെടുതികള്‍ നേരിടുന്നതിനായി ആലപ്പുഴ ജില്ലയില്‍ പ്രത്യേകം കണ്‍‌ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോട്ടയം, പത്തനം‌തിട്ട ജില്ലകളില്‍ നിന്നും മഴവെള്ളം ഒഴുകി വന്നതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു.

വരും ദിവസങ്ങളിലും മഴ ശക്തമായി തുടര്‍ന്നാല്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള സാധ്യതകളുണ്ട്. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടിട്ടുണ്ട്. എന്നാല്‍ കടല്‍‌ക്ഷോഭം ഉണ്ടാകുമ്പോള്‍ മുറിച്ച പൊഴി മണ്ണ് വന്ന് അടഞ്ഞ് വെള്ളം ഒഴുക്ക് തടസ്സപ്പെടാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :