ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ സുരക്ഷ

Kodiyeri Balakrishnan
KBJWD
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ ഇത്തവണ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണെന്ന്‌ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

രണ്ടായിരത്തി അഞ്ഞൂറോളം പൊലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി ഇത്തവണ നിയോഗിച്ചിട്ടുണ്ടെന്ന്‌ മന്ത്രി അറിയിച്ചു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുളള സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച്‌ ആറ്റുകാല്‍ ട്രസ്റ്റ്‌ ഓഡിറ്റോറിയത്തില്‍ കൂടിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം സിറ്റിയിലെ മുഴുവന്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കു പുറമേ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളില്‍ നിന്നുളള പൊലീസ്‌ ഉദ്യോഗസ്ഥരും സായുധ പൊലീസ്‌ ബറ്റാലിയനില്‍ നിന്നുളള ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കായി വിന്യസിക്കുന്നുണ്ട്‌.

ആറ്റുകാല്‍ ക്ഷേത്ര പരിസരം തിരുവനന്തപുരം നഗരപ്രദേശങ്ങള്‍ എന്നീ സ്ഥലങ്ങള്‍ രണ്ട്‌ ഡെപ്യൂട്ടി പൊലീസ്‌ കമ്മീഷണര്‍മാരുടെ നേരിട്ടുളള മേല്‍നോട്ടത്തില്‍ 18 അസിസ്റ്റന്‍റ് കമ്മീഷണര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 25 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 9 വനിതാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ 126 സബ്‌ ഇന്‍സ്പെക്ടര്‍മാര്‍ 18 വനിതാ സബ്‌ ഇന്‍സ്പെക്ടര്‍മാര്‍ മുന്നൂറോളം വനിതാ പൊലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്ന്‌ മന്ത്രി അറിയിച്ചു.

ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത്‌ ഫെബ്രുവരി 14ന്‌ രാവിലെ എട്ട് മണി മുതല്‍ ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കുന്ന ഒരു സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതാണ്‌. ഭക്തജനങ്ങള്‍ക്ക്‌ എല്ലാവിധ സഹായവും കണ്‍ട്രോള്‍ റൂമില്‍ നിന്നും ആവശ്യപ്പെടാവുന്നതാണ്‌.

ആറ്റുകാല്‍ ക്ഷേത്രം, ക്ഷേത്രപരിസരങ്ങള്‍ എന്നിവ ഒമ്പത് ഡിവിഷനുകളായി തിരിച്ച്‌ ഓരോ ഡിവിഷനും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലും ഡിവിഷനുകള്‍ സെക്ഷനുകളായി തിരിച്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, സബ്‌ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലും വിന്യസിക്കും.

ഓരോ ഡിവിഷനുകളിലും അഗ്നിശമന വിഭാഗത്തിന്‍റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്‌. പിടിച്ചുപറി, മോഷണം, സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ മറ്റ്‌ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിന്‌ മഫ്തി സ്ക്വാഡുകളും തമിഴ്‌നാട്‌ പൊലീസിന്‍റെ സപ്പോര്‍ട്ടേഴ്സിനെയും നിയോഗിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 7 ഫെബ്രുവരി 2008 (11:08 IST)
ഒരോ ഡിവിഷനിലും സ്ട്രൈക്കിംഗ്‌ ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന്‌ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടത്തിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :